റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: തോണിക്കടവിനും തോണിച്ചാലിനും ശപമോക്ഷം നീർച്ചാലുകൾ ഇനി തടസമില്ലാതെ ഒഴുകും

June 7, 2021 - 5:58 pm

തൃശ്ശൂർ: 25 വർഷത്തിലേറെയായി മണ്ണും ചണ്ടിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്കില്ലാതെ നിശ്ചലമായി കിടക്കുകയായിരുന്ന കോലഴിയിലെ തോണിക്കടവും തോണിച്ചാലും ഇനി തടസമില്ലാതെ ഒഴുകും.
ഈ ചാലുകൾ വൃത്തിയാക്കിയാൽ വർഷകാലത്ത് വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകളും വലിയ തോതിൽ കുറക്കാൻ കഴിയുമെന്ന തിരിച്ചറിവ് കോലഴി പഞ്ചായത്തിനെ എത്തിച്ചത് മാതൃകാപരമായ ഒരു നേട്ടത്തിലേക്കാണ്.

കോലഴി പഞ്ചായത്തിലെ 15-ാം വാർഡിൽ വർഷങ്ങളായി തടവിൽ കിടന്നിരുന്ന തോണിച്ചാലിനും ഒന്നാംചാലിനും കുന്നംകുളംച്ചാലിനും സ്വാഭാവിക ഒഴുക്ക് തിരികെ നൽകുന്നതിൽ പഞ്ചായത്ത് വിജയിച്ചിരിക്കുന്നു. കോലഴിയിൽ നിന്ന് ആരംഭിച്ച് കുന്നംകുളം ചാലിൽ ചെന്ന് ചേർന്ന് പുഴക്കൽ തോടിൽ എത്തുന്ന തോടാണ് തോണിച്ചാൽ. മേജർ ഇറിഗേഷനും മൈനർ ഇറിഗേഷനും ആസൂത്രണം ചെയ്ത പദ്ധതികൾ കുറഞ്ഞ ചെലവിൽ കൂടുതൽ വേഗത്തിൽ യഥാർഥ്യമാക്കാൻ 
കോലഴി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും 14, 15 വാർഡുകളിലെ മെമ്പർമാരും മുന്നിട്ടിറങ്ങിയപ്പോൾ സാധിച്ചു. തോണിക്കടവ് മുതൽ 750 മീറ്റർ  ദൂരത്തെ തോടാണ് വീണ്ടെടുത്തത്.

വെയിലും മഴയും ചേറും ചളിയും അട്ടയേയും ഗൗനിക്കാതെ ദിവസങ്ങളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒട്ടേറെ സംഘങ്ങൾ ഈ നേട്ടത്തിന് പിന്നിൽ ഉണ്ട്. പുല്ല് മൂടി കിടന്നിരുന്ന സ്ഥലത്തെ വെള്ളക്കെട്ട് മാറ്റുന്നതിന് വലിയ അളവിൽ പുല്ല് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. ഗുരുവായൂർ റെയിൽവേ ഗേറ്റ് വന്നതോടെ വെള്ളമൊഴുകാതെ അടഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇവിടെ നിന്നുള്ള വെള്ളമാണ് കുന്നംകുളം ചാലിലേക്കും അവിടെ നിന്നും പുഴയ്ക്കൽ തോട്ടിലേക്കും പിന്നീട് ഏനാമാവ് ബണ്ടിലേക്കും എത്തിചേരേണ്ടത്.

നീരൊഴുക്കില്ലാതിരുന്നതിനാൽ കുറ്റൂർ പടിഞ്ഞാറ്റുമുറി നിവാസികൾക്ക് വർഷക്കാലത്ത് വലിയ വെള്ളക്കെട്ടാണ് നേരിടേണ്ടി വന്നിരുന്നത്. കഴിഞ്ഞ പ്രളയങ്ങളിൽ ഈ പ്രദേശക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇനിയൊരു പ്രളയം ഉണ്ടായാൽ ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാവില്ല എന്ന വിശ്വാസത്തിലാണ് ഇപ്പോൾ നാട്ടുകാർ.

കോലഴി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി വിശ്വംഭരൻ, പതിനാലാം വാർഡ് മെമ്പർ പ്രകാശ് ചിറ്റിലപ്പിള്ളി, പതിനഞ്ചാം വാർഡ് മെമ്പർ പ്രജീഷ സജീവൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യഥാർത്ഥ്യമാക്കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *