റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്‌ 1000കോടിയുടെ തട്ടിപ്പ്‌

July 23, 2021 - 3:24 pm

തൃശൂര്‍ : 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രഥമികാന്വേഷണത്തില്‍ കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ മറവില്‍ നടന്നത്‌ 1000കോടിയുടെ തിരിമറി. ബാങ്കിന്റെ പേര്‌ ഉപയോഗപ്പെടുത്തിയുളള റിസോര്‍ട്ട് നിര്‍മ്മാണം, ഇതിലേക്ക്‌ വിദേശത്തുനിന്നുള്‍പ്പടെ എത്തിയ ഭീമമായ നിക്ഷേപം എന്നിവയാണ്‌ പ്രധാനം. കൂടാതെ ബിനാമി ഇടപാടുകളും, നിക്ഷേപങ്ങളുടെ പലിശകൂട്ടിക്കൊടുത്തുളള തട്ടിപ്പും, ഇല്ലാത്ത ഭൂമി ഈട്‌ വെച്ചുളള കോടികളുടെ വായ്‌പയും. ചെറിയ തുകയുളള ഭൂമി ഈടുവച്ച്‌ വായ്‌പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്‌തി നടപടി സ്വീകരിക്കുകയെന്നതായിരുന്നു ഒരു തരത്തിലുളള വെട്ടിപ്പ്‌. ഇതുവഴി കോടികളുടെ നഷ്ടമാണ്‌ ബാങ്കിനുണ്ടായത്‌.

വിലകൂടിയ ഭൂമി ഈടുവച്ച്‌ ചെറിയ വായ്‌പയെടുക്കുന്നവരെ തിരിച്ചടവിന്റെ പേരില്‍ സമ്മര്‍ദ്ദത്തിലാക്കി ജപ്‌തി നടപടികളിലേക്ക് എത്രയും വേഗം എത്തിച്ച്‌ ആ ഭൂമി തട്ടിയെടുക്കുക എന്നതായിരുന്നു തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം. ഈ ഭൂമി മറിച്ചുവിറ്റ്‌ തട്ടിപ്പുകാര്‍ കോടികള്‍ സമ്പാദിക്കുകയും ചെയ്‌തു. ഇത്തരത്തില്‍ കരുവന്നൂര്‍ ബാങ്കില്‍ നേരിട്ടും അല്ലാതെയും അഞ്ചുവര്‍ഷത്തിനിടെ ആയിരം കോടിയുടെ തട്ടിപ്പുനടന്നിട്ടുണ്ടെന്നാണ്‌ പോലീസിന്റെ ആദ്യ നിഗമനം. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല ആസ്‌തിയെപ്പോലും ബാധിക്കുന്ന തരത്തിലുളള ക്രമക്കേടാണ്‌ നടന്നതെന്ന്‌ ജോയിന്റ് രജിസ്‌ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്‌.

കരുവന്നൂര്‍ ബാങ്കില്‍ ബിനാമി ഇടപാടുണ്ടെന്ന്‌ പ്രസിഡന്റും, മാനേജരും മൊഴിനല്‍കിയിട്ടുണ്ട്. ബാങ്കിലെ ഇടപാടുകളിലെ തട്ടിപ്പുസംബന്ധിച്ച്‌ സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യമുളളത്‌. 2011 മുതല്‍ റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസിനും മറ്റുമായി ബാങ്കില്‍ നിന്ന്‌ ബിനാമി വായ്‌പ എടുക്കാറുണ്ടെന്നും പിന്നീട്‌ മാര്‍ച്ച്‌ അവസാനം വായ്‌പ പുതുക്കേണ്ട ഘട്ടത്തില്‍ ബിനാമി ഇടപാട്‌ മറയ്‌ക്കുന്നതിനായി പഴയവസ്‌തു പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്താറുണ്ടെന്നും ബാങ്ക്‌ മാനേജര്‍ എംകെ ബിജു അന്വേഷണ കമ്മീഷന്‌ മൊഴി നല്‍കിയിട്ടുണ്ട്‌ . ഇക്കാര്യം അന്വെഷണ റിപ്പോര്‍ട്ടിന്റെ 26-ാം പേജിലുണ്ട്‌.

ബാങ്കിന്റെ നിയമാവലി വ്യവസ്ഥ 42(6) പ്രകാരം ജാമ്യ വസ്‌തുക്കള്‍ പരിശോധിച്ച്‌ ബോധ്യപ്പെടേണ്ട ചുമതല ഭരണ സമിതിക്കാണ്‌. എന്നാല്‍ വസ്‌തുവിന്റെ മതിപ്പുവില പരിഗണിക്കാതെ ഉയര്‍ന്ന തുക വായ്‌പ നല്‍കിയ ഭരണ സമിതി ബിനാമി ഇടപാടിന്‌ കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവന്വേഷണത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ഇക്കാര്യം അനേഷണ റിപ്പോര്‍ട്ടിന്റെ 28ാംപേജില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ബാങ്കിന്റെ നിയമാവലി വ്യവസ്ഥ 42(14) പ്രകാരം അംഗങ്ങള്‍ക്ക്‌ വായ്‌പ അനുവദിക്കുന്നതിന്‌ അധികാരപ്പെട്ട ബാങ്ക്‌ ഭരണ സമിതി തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *