റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: ഓണ്‍ലൈന്‍ പഠനം : ഡിജിറ്റല്‍ ഡിവൈസ് ചലഞ്ചുമായി ജില്ലാ ഭരണകൂടം

August 1, 2021 - 9:50 pm

ഇടുക്കി: ഇടുക്കി ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം വിജയകരമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ഡിവൈസ് ചലഞ്ചുമായി ജില്ലാ ഭരണകൂടം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈന്‍ പഠനത്തിനായുള്ള അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് മത്സര ബുദ്ധിയോടെ പഠിക്കാനുള്ള സാഹചര്യമുണ്ടാക്കി കൊടുക്കുമ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ ലഭ്യമാക്കുന്നതില്‍ അദ്ധ്യാപകര്‍ കാണിക്കുന്ന മനോഭാവം അഭിനന്ദനാര്‍ഹമാണ്. ഒപ്പം പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികള്‍ നടത്തിയ ഇടപെടീലും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. 

ഒരു വീട് ഒരു യൂണിറ്റ് എന്ന രീതിയില്‍ കണക്കാക്കി ജില്ലയില്‍ 5973 വീടുകളാണുള്ളത്. ഇതില്‍ 3891 വീടുകളിലും ഓണ്‍ലൈന്‍ പഠനത്തിന് വേണ്ട സൗകര്യങ്ങളുണ്ട്.
സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം ഒരു കുട്ടിയെ ഒരു യൂണിറ്റായി കണക്കാക്കണമെന്നാണ്. ആ വിധത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ചു ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 13517 കുട്ടികളുണ്ട്. ഇതില്‍ 10,12 ക്ലാസുകളില്‍ പഠിക്കുന്ന എസ്.ടി കുട്ടികള്‍ മാത്രം 462 പേരുണ്ട്. ട്രൈബല്‍ വകുപ്പിന്റെ കണക്കനുസരിച്ച് ലാപ്‌ടോപ്പോ ടാബോ ഇല്ലാത്ത ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ 6448 കുട്ടികളുണ്ട്. പഠന ഉപകരണം ലഭ്യമാക്കുന്ന സഹകരണ വകുപ്പിന്റെ വിദ്യാതരംഗണി പദ്ധതിയില്‍ 3148 കുട്ടികള്‍ ലോണിന് അപേക്ഷ വെച്ചിട്ടുണ്ട്. ഇതില്‍ 2078 പേര്‍ക്ക് ലോണ്‍ അനുവദിച്ചിട്ടുണ്ട്.

കൂടാതെ വ്യക്തിപരമായും സംഘടനപരമായും വിദ്യാര്‍ത്ഥികള്‍ക്ക് ഫോണുകള്‍ നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രാധാന അദ്ധ്യാപകര്‍ ഓരോ ആഴ്ചയും എത്ര കുട്ടികള്‍ക്ക് കൂടെ പഠന സൗകര്യം ആവശ്യമാണെന്നുള്ള കണക്ക് ഡിഡിയ്ക്ക് സമര്‍പ്പിക്കണം. ഡിഡി എല്ലാ ബുധനാഴ്ചയും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് മന്ത്രിയ്ക്കും കളക്ടറിനും സമര്‍പ്പിക്കണം. എല്ലാ ശനിയാഴ്ചയും ഇത് അവലോകനം ചെയ്ത് ഓണ്‍ലൈനായി യോഗം ചേരുകയും എംപിയ്ക്കും ജില്ലയിലെ എംഎല്‍എ മാര്‍ക്കും ലിസ്റ്റുകള്‍ നല്‍കും.

ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഓഗസ്റ്റ് അവസാന ആഴ്ചയോട് കൂടെ തുടങ്ങും. ഇതിനായുള്ള അദ്ധ്യാപകരുടെ ജി- സ്യുട്ട് പരിശീലനം 26 സ്‌കൂളുകളിലായി കൈറ്റിന്റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച തുടങ്ങും. കൂടാതെ മിക്ക സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ്‌റൂമിന് വേണ്ടി സജ്ജമാക്കിയിരിക്കുന്ന ലാപ്‌ടോപുകള്‍ ഉണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദേശം വന്നാല്‍ ഇവ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുമെന്നും ഡിഡി ശശീന്ദ്രവ്യാസ് പറഞ്ഞു.

ഭിന്നശേഷി കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന വിദ്യാഭ്യാസ പിന്തുണയ്ക്കുള്ള തുക കൃത്യമായി ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ഇവര്‍ക്ക് ഈ തുക ഉപയോഗിച്ച് പഠന ഉപകരണങ്ങള്‍ മേടിക്കുവാന്‍ സാധിക്കും. നിലവില്‍ ഗ്രാമ പഞ്ചായത്തുകളാണ് ഈ തുക നല്‍കുന്നത്. അവര്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത ഉള്ളതിനാല്‍ ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകള്‍ കൂടെ ഈ തുക നല്‍കുന്നതിനായി അവരുടെ വിഹിതം മാറ്റി വെയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

52 പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റിയിലെയും പ്രസിഡന്റുമാര്‍ തങ്ങളുടെ പഞ്ചായത്തിലെ സാഹചര്യം യോഗത്തില്‍ വ്യക്തമാക്കി. അടുത്ത യോഗം ഓഗസ്റ്റ് 7 ന് ഓണ്‍ലൈനായി ചേരും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, എഡിഎം ഷൈജു പി ജേക്കബ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്രവ്യാസ്, വിവിധ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *