റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മമതയുടെ അനന്തരവനും ഭാര്യക്കും ഇ.ഡി. നോട്ടീസ്: അമിത് ഷായുടെ പ്രതികാരമെന്ന് മമത

August 29, 2021 - 5:06 pm

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിഷേക് ബാനര്‍ജിയെയും ഭാര്യ രുജിര ബാനര്‍ജിയെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിളിപ്പിച്ചു. കല്‍ക്കരി കള്ളക്കടത്ത് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ഇഡി വിളിപ്പിച്ചിരിക്കുന്നത്. അഭിഷേക് സെപ്റ്റംബര്‍ ആറിനും ഭാര്യ സെപ്റ്റംബര്‍ ഒന്നിനും ഡല്‍ഹിയില്‍ ഹാജരാകണം. അഭിഷേകിന്റെ അഭിഭാഷകന്‍ സഞ്ജയ് ബസുവിനോട് സെപ്റ്റംബര്‍ മൂന്നിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേന്ദ്ര ഏജന്‍സികളുടെ നോട്ടീസില്‍ ഭയപ്പെടില്ലെന്നും മമത വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ അഭിഷേക് ബാനര്‍ജി മാനനഷ്ടക്കേസ് കൊടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണു കേന്ദ്രം നടത്തുന്നതാണ് തൃണമൂല്‍ നേതൃത്വത്തിന്റെ വിശദീകരണം. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ഇന്ത്യ ലിമിറ്റഡ് കല്‍ക്കരി കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളിലൊന്നുമായി രുജിരയ്ക്ക് ബന്ധമുണ്ടെന്നാണ് സി.ബി.ഐ. നിലപാട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരപ്പാടങ്ങളിലെ മോഷണം സംബന്ധിച്ച് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ചുവടുപിടിച്ചാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത്. കേസില്‍ ഫെബ്രുവരി 23ന് രുജിരയെയും കുടുംബാംഗങ്ങളെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുകയാണെന്നു മമതാ ബാനര്‍ജി ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *