ന്യൂഡൽഹി: കേന്ദ്രസർക്കാർ വകുപ്പുകളിൽ 9.79 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രം അറിയിച്ചു. . കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. .2022 മാർച്ച് ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരമാണ് ഒഴിവുകൾ.
2022 മാർച്ച് ഒന്ന് വരെ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ 40,35,203 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ 30,55,876 തസ്തികകളിലാണ് ജീവനക്കാരുള്ളത്. 9.79 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.കേന്ദ്രസർക്കാരിൽ തസ്തികകൾ സൃഷ്ടിക്കുന്നതും നികത്തുന്നതും ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വിരമിക്കൽ, സ്ഥാനക്കയറ്റം, രാജി, മരണം തുടങ്ങിയവയാണ് ഒഴിവുകൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഴിവുള്ള തസ്തികകൾ സമയബന്ധിതമായി നികത്തുന്നതിന് 10 ലക്ഷം ആളുകളെ ‘മിഷൻ മോഡിൽ’ റിക്രൂട്ട് ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയതായും ജിതേന്ദ്ര സിംഗ് ലോക്‌സഭയിൽ പറഞ്ഞു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
