കോട്ടയം: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ വഴിത്തിരിവ്. പട്ടാപ്പകൽ വീട്ടിൽക്കയറി അലമാര കുത്തിത്തുറന്ന് 50 പവനിലേറെ സ്വർണാഭരണം കവർന്ന കേസിൽ വൈദികന്റെ മകൻ അറസ്റ്റിലായി. മോഷണം സാമ്പത്തിക ബാധ്യത തീർക്കാനെന്ന് പ്രതി ഷൈൻ നൈനാൻ പോലീസിന് മൊഴി നൽകി. മോഷണം നടത്തിയത് വീട്ടിലുള്ള ആൾ തന്നെയാണെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസിന് കൃത്യമായ സൂചന ലഭിച്ചിരുന്നു. മുറിക്കുള്ളിൽ വിതറിയ മുളകുപൊടി പാക്കറ്റിന്റെ ഹോളോഗ്രാമും മറ്റ് സൂചനകളും വച്ചാണ് അന്വേഷണം നടത്തിയത്.
താക്കോലിരിക്കുന്ന സ്ഥാനവും വീട്ടുകാർ പുറത്ത് പോകുന്ന സമയവും കൃത്യമായി അറിയുന്നയാളാണ് മോഷണം നടത്തിയതെന്ന വിലയിരുത്തലും പോലീസിനുണ്ടായിരുന്നു. രാവിലെ മുതൽ ഷൈൻ നൈനാനെ തുടർച്ചായി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തനിക്കുണ്ടായ സാമ്പത്തിക ബാധ്യതായണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാമ്പാടി കൂരോപ്പട ചെന്നാമറ്റം പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിൽ കവർച്ച നടന്നത്. കവർച്ചയ്ക്കുശേഷം ഓടിപ്പോകുന്നതിനിടെ മോഷ്ടാവിന്റെ കൈയിൽ നിന്ന് താഴെവീണ നിലയിൽ മൂന്നുപവനോളം സ്വർണാഭരണങ്ങൾ പുരയിടത്തിന്റെ പലഭാഗത്തുനിന്നായി തിരിച്ചുകിട്ടിയിരുന്നു. സംഭവസമയം ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേയ്ക്ക് പോയിരുന്നു. മറ്റുകുടുംബാംഗങ്ങൾ വീടിന് പുറത്തേക്കും പോയസമയത്താണ് കവർച്ചനടന്നത്.
