റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗജന്യ ഭക്ഷ്യക്കിറ്റ് ; വിതരണം പുരോഗമിക്കുന്നു; ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 22,741 കിറ്റുകള്‍

August 24, 2022 - 11:11 pm

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. 22,741 ഗുണഭോക്താക്കളാണ് പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ വാങ്ങിയത്.

മുന്‍ഗണനാ വിഭാഗമായ എ.എ.വൈ ഗുണഭോക്താക്കള്‍ക്കാണ് (മഞ്ഞ റേഷന്‍ കാര്‍ഡ്) ചൊവ്വാഴ്ച മുതല്‍ കിറ്റുകള്‍ നല്‍കിയിരുന്നത്. ഈ വിഭാഗത്തില്‍ 36,985 കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇതിന്റെ 61 ശതമാനത്തിലധികം പേര്‍ക്കാണ് ബുധനാഴ്ച ഉച്ചവരെ കിറ്റുകള്‍ ലഭിച്ചത്. ദേശീയ തലത്തിലുണ്ടായ സോഫ്റ്റ് വെയര്‍  പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെറിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെങ്കിലും  ഇത് പരിഹരിച്ചതോടെ 4  മണിക്കൂര്‍ കൊണ്ട് പതിനായിരത്തിലധികം പേര്‍ക്കാണ് ഭക്ഷ്യക്കിറ്റ് വാങ്ങാന്‍ കഴിഞ്ഞത്.  

പറവൂര്‍ താലൂക്കിലാണ് ഏറ്റവുമധികം പേര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്. 4737 കാര്‍ഡ് ഉടമകള്‍ക്കാണ് താലൂക്കിലെ വിവിധ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നായി നല്‍കിയത്. കണയന്നൂര്‍ താലൂക്കില്‍ 3357 പേര്‍ക്കും കുന്നത്തുനാട് താലൂക്കില്‍ 3084 പേര്‍ക്കും ആലുവയില്‍ 3151 പേര്‍ക്കുമാണ് ഭക്ഷ്യക്കിറ്റുകള്‍ ലഭിച്ചത്. കോതമംഗലം (1974), മുവാറ്റുപുഴ (1870), കൊച്ചി (1794) എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ വിവരങ്ങള്‍. എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് പരിധിയില്‍ നിന്ന് 1454 ഗുണഭോക്താക്കളും കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് പരിധിയില്‍ 1320 പേരുമാണ് കിറ്റുകള്‍ വാങ്ങിയത്.

അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി സുഗമമായി നല്‍കാനുള്ളത്ര ഭക്ഷ്യക്കിറ്റുകള്‍ ജില്ലയിലെ 1296 റേഷന്‍ കടകളില്‍ ഇതിനോടകം എത്തിച്ചിട്ടുണ്ട്.  ഓണത്തിനോടനുബന്ധിച്ച് ജില്ലയില്‍ ആകെ 8,96,973  സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം അവശ്യസാധനങ്ങളാണ് കിറ്റുകളിലുള്ളത്. മില്‍മയില്‍ നിന്നുള്ള നെയ്യും, കാഷ്യു കോര്‍പ്പറേഷനില്‍ നിന്നുള്ള കശുവണ്ടിയും,സപ്ലൈകോ ശബരി ബ്രാന്റിന്റെ മുളകുപൊടി, മഞ്ഞള്‍പൊടി, വെളിച്ചെണ്ണ, തേയില എന്നിവയുമാണ് ഇവയില്‍ ഉള്‍പ്പെടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *