സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

13 പുതിയ ഗവര്‍ണര്‍മാര്‍ ആരൊക്കെ ?

February 13, 2023 - 8:38 am

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന സുപ്രീം കോടതി മുന്‍ ജഡ്ജി എസ്. അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍. 12 സംസ്ഥാനങ്ങളിലും ലഡാക്കിലും രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നിയമനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. മഹാരാഷ്ട്രയില്‍ ഭഗത്‌സിങ് കോഷിയാരിക്കു പകരം ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന രമേഷ് ബയ്‌സിനെ നിയമിച്ചു. ശിവാജിക്കെതിരേ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നു വിവാദത്തിലായ കോഷിയാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലഡാക്ക് ലഫ്. ഗവര്‍ണര്‍ ആര്‍.കെ. മാത്തൂരും രാജിവച്ചു. അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറായിരുന്ന (റിട്ട) ബ്രിഗേഡിയര്‍ ഡോ. ബി.ഡി. ശര്‍മയാണു പുതിയ ലഡാക്ക് ലഫ്. ഗവര്‍ണര്‍.

ബി.ജെ.പി. നേതാക്കളായ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ, സി.പി. രാധാകൃഷ്ണന്‍, ശിവ് പ്രതാപ് ശു€, ഗുലാബ് ചന്ദ് കഠാരിയ എന്നിവരെ യഥാക്രമം സിക്കിം, ഝാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, അസം എന്നിവിടങ്ങളില്‍ ഗവര്‍ണര്‍മാരാക്കി. മുന്‍ ലഫ്. ജനറല്‍ കെ.ടി. പര്‍നായിക്കിനെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു.
ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്ന ബിശ്വ ഭൂഷണ്‍ ഹരിചന്ദനെ ചത്തീസ്ഗഡ് ഗവര്‍ണറാക്കി. ചത്തീസ്ഗഡ് ഗവര്‍ണറായിരുന്ന സുശ്രി അനുസൂയ ഉയിക്കെ പുതിയ മണിപ്പുര്‍ ഗവര്‍ണര്‍.

ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന ഫഗു ചൗഹാനെ മേഘാലയയിലേക്കു മാറ്റി. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പുതിയ ബിഹാര്‍ ഗവര്‍ണര്‍.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വരിഞ്ഞു മുറുക്കുന്നുവെന്ന് ആരോപണം ശക്തമാകുന്നതിനിടയിലാണ് പുതിയ നിയമനങ്ങള്‍. സര്‍ക്കാര്‍ സര്‍വീസിലും കോടതികളിലും ബി.ജെ.പി. അനുകൂല സമീപനം സ്വീകരിച്ചവരെ വിരമിച്ചശേഷം ഉന്നതപദവികളില്‍ അവരോധിക്കുന്നുവെന്നു പ്രതിപക്ഷ ആരോപിച്ചു. ഇതു ശരിവയ്ക്കുന്നതാണ് റിട്ട. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ പുതിയ സ്ഥാനലബ്ധിയെന്നും വിമര്‍ശനമുണ്ട്.

  • ശിവ്പ്രതാപ് ശുക്ല: എ.ബി.വി.പിയിലൂടെയും ആര്‍.എസ്.എസിലൂടെയും ഉയര്‍ന്നുവന്ന നേതാവാണ് പുതിയ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ്പ്രതാപ് ശു€. മോദി സര്‍ക്കാരില്‍ ധനകാര്യ സഹമന്ത്രി ആയിരുന്നു. പിന്നീട് രാജ്യസഭയിലെ ചീഫ് വിപ്പായി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ബ്രാഹ്‌മണ മുഖമാണ് ശുക്ല.
  • സി.പി. രാധാകൃഷ്ണന്‍: ഝാര്‍ഖണ്ഡ് ഗവര്‍ണര്‍. ബി.ജെ.പി. തമിഴ്‌നാട് യൂണിറ്റ് മുന്‍ പ്രസിഡന്റ്. കോയമ്പത്തൂരില്‍നിന്ന് രണ്ടു തവണ ലോക്‌സഭാംഗമായി. പാര്‍ട്ടിയില്‍ കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ബി.ജെ.പി. ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്ന വിമര്‍ശനത്തിനു മറുപടിയാണു സി.പി. രാധാകൃഷ്ണന്റെ നിയമനമെന്നും വിലയിരുത്തപ്പെടുന്നു.
  • ലക്ഷ്മണ്‍ ആചാര്യ: സിക്കിം ഗവര്‍ണര്‍. ബി.ജെ.പി. ഉത്തര്‍പ്രദേശ് ഘടകം വൈസ് പ്രസിഡന്റ്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍നിന്നുള്ള ആചാര്യ, യു.പി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ്. പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള ആചാര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പം പുലര്‍ത്തുന്നയാളാണ്.
  • ഗുലാബ് ചന്ദ് കഠാരിയ: അസം ഗവര്‍ണര്‍. രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ്. സംസ്ഥാനത്ത് ആഭ്യന്തരമന്ത്രി ആയിരുന്നു. പ്രതിപക്ഷ നേതാവിനെ ഗവര്‍ണറായി നിയമിച്ചതോടെ സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വത്തില്‍ അഴിച്ചുപണിക്കു സാധ്യതയെന്നും സൂചന. ജഗദീഷ് മുഖിക്കു പകരമായാണ് കഠാരിയയെ അസമില്‍ നിയമിച്ചത്.
Share
Kreate@gmail.com'

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →

Leave a Reply

Your email address will not be published. Required fields are marked *