കൊച്ചി: വ്യക്തമായ പരാതിയില്ലാതെ സ്വമേധയ കേസെടുക്കാനോ അന്വേഷണം നടത്താനോ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. 2006ലെ രാമചന്ദ്രൻ മാസ്റ്റർ കേസിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ, ഊമക്കത്തുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സ്വമേധയ നടപടി സ്വീകരിക്കാൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ആലുവയിലെ ഫെഡറൽ ഹൗസ് കൺസ്ട്രക്ഷൻ സഹകരണ സംഘം മുൻ ഭാരവാഹികളുടെ പേരും ആസ്തി ബാധ്യതകളും ഹാജരാക്കണമെന്ന കേരള ലോകായുക്തയുടെ ഉത്തരവുകൾ റദ്ദാക്കിയാണ് ഉത്തരവ്. സംഘത്തിന്റെ 1999 മുതലുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയവരുടെ വിവരങ്ങൾ ഹാജരാക്കാനുള്ള ലോകായുക്ത ഉത്തരവിനെതിരെ സംഘം സെക്രട്ടറി ജോർജ് പി. മത്തായി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച്, രാമചന്ദ്രൻ മാസ്റ്റർ കേസ് വിലയിരുത്തിയ ശേഷം ലോകായുക്ത ഉത്തരവുകൾ റദ്ദാക്കുകയായിരുന്നു.
