റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും പങ്കാളിയോട് പറഞ്ഞതിന് ശേഷമുള്ള ലിവ് ഇൻ റിലേഷൻ വിശ്വാസവഞ്ചനയായി കാണാൻ സാധിക്കില്ലെന്ന് കൽക്കട്ട ഹൈക്കോടതി

May 2, 2023 - 2:52 pm

കൊൽക്കത്ത : വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും കൃത്യമായി പങ്കാളിയോട് പറഞ്ഞതിന് ശേഷമുള്ള ലിവ് ഇൻ റിലേഷൻ വിശ്വാസവഞ്ചനയായി കാണാൻ സാധിക്കില്ലെന്ന് കൽക്കട്ട ഹൈക്കോടതി. 11 മാസത്തെ ലിവ് ഇൻ റിലേഷനിൽനിന്നും പിന്മാറി, ഭാര്യയുടെ കൂടെ വീണ്ടും ജീവിക്കാൻ പോയ ഹോട്ടൽ എക്സിക്യൂട്ടീവ് 10 ലക്ഷം രൂപ പിഴ നൽകണമെന്ന കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

ഐപിസി സെക്‌ഷൻ 415 പ്രകാരം വിശ്വാസവഞ്ചനയെന്നത് മനപ്പൂർവമുള്ള ചതിയായിരിക്കണം. ഈ കേസിൽ പരാതിക്കാരിയെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി വിവാഹം കഴിക്കാമെന്നു പ്രതി വാഗ്ദാനം നൽകിയെന്ന വാദം തെറ്റാണ്. പങ്കാളി വിവാഹത്തെ ക്കുറിച്ചും കുട്ടികളെക്കുറിച്ചും മറച്ചുവച്ചാൽ ലിവ് ഇൻ റിലേഷനുകളിൽ അനിശ്ചിത്വത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. പ്രതി വസ്തുതകൾ മറച്ചുവച്ചതായി തെളിയിക്കാത്ത സാഹചര്യത്തിൽ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിക്കാരിയുടെ വാദം‌ തെറ്റാണെന്നും കോടതി വ്യക്തമാക്കി.

2014 ഫെബ്രുവരിയിൽ ഹോട്ടൽ ജോലിക്കുള്ള അഭിമുഖത്തിന് പോയ പരാതിക്കാരി ഫ്രണ്ട് ഡെസ്‌ക് മാനേജറായ പ്രതിയെ കണ്ടുമുട്ടുകയായിരുന്നു. ആദ്യ കൂടിക്കാഴ്ചയിൽ, പരാജയപ്പെട്ട വിവാഹജീവിതത്തെക്കുറിച്ച് പറഞ്ഞ പ്രതി പരാതിക്കാരിയുമായി ഇഷ്ടത്തോടെ സംസാരിക്കുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് പ്രതി ലിവ് ഇൻ റിലേഷന് ക്ഷണിച്ചപ്പോൾ യുവതി ക്ഷണം സ്വീകരിച്ചു.

യുവതിയുടെ മാതാപിതാക്കൾ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ എത്രയും വേഗം വിവാഹം വേണമെന്ന് അവർ ആവശ്യപ്പെട്ടു. പക്ഷേ വിവാഹമോചനം വൈകിപ്പിക്കുന്ന സമീപനമാണ് പ്രതി സ്വീകരിച്ചത്. ഒരു വർഷത്തിന് ശേഷം പ്രതി ഭാര്യയെ കാണുന്നതിന് മുംബൈയിലേക്ക് പോയി. തിരികെ കൊൽക്കത്തയിലേക്ക് വന്നപ്പോൾ താൻ വിവാഹമോചനത്തിന് ആഗ്രഹിക്കുന്നില്ലെന്ന നിലപാട് യുവതിയെ അറിയിച്ചു. ഇതോടെയാണ് യുവതി ബലാത്സംഗവും വിശ്വാസവഞ്ചനയും നടന്നതായി ആരോപിച്ച് പ്രഗതി മൈതാൻ പൊലീസ് സ്റ്റേഷനിൽ കേസ് കെടുത്തത്.

നിലവിലുള്ള വിവാഹബന്ധം വേർപെടുത്തി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ലിവ് ഇൻ റിലേഷന് തയാറായതെന്ന് യുവതി കോടതിയിൽ വാദിച്ചു. ഈ കേസിൽ, വിവാഹ വാഗ്ദാനം വിവാഹ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്ക് സ്വന്തമായി വിവാഹമോചനം സാധ്യമാകില്ല. അതിന് പങ്കാളിസമ്മതിക്കണം അല്ലെങ്കിൽ കോടതി ഉത്തരവിടണം. അതിനാൽ, ഈ ബന്ധത്തിൻറെ തുടക്കം മുതൽ അനിശ്ചിതത്വമുണ്ടായിരുന്നു. പ്രതിക്ക് ഒരു ദുഷ്ടലാക്കുണ്ടായിരുന്നതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി  ചൂണ്ടിക്കാട്ടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *