മണിപ്പൂരിലെ കലാപം രാജ്യത്തിന്റെ മനസാക്ഷിയിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചുവെന്ന് സോണിയാഗാന്ധി. സംസ്ഥാനത്ത് കലാപം രൂക്ഷമായ സാഹചര്യത്തിലാണ് ദുഃഖം അറിയിച്ചുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണം. ആളുകൾ വീട് എന്ന് വിളിക്കുന്ന സ്ഥലത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായത് കണ്ടതിൽ തനിക്ക് വളരെ സങ്കടമുണ്ടെന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ സോണിയ ഗാന്ധി പറഞ്ഞു.
അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ആളുകൾ വീടെന്ന് വിളിക്കുന്ന ഒരേയൊരു സ്ഥലത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നതും ജീവിതകാലം മുഴുവൻ അവർ നിർമ്മിച്ചതെല്ലാം ഉപേക്ഷിച്ച് ഓടിപ്പോകുന്നതും കാണുമ്പോൾ എനിക്ക് വളരെ സങ്കടമുണ്ട്. സമാധാനപരമായി സഹവസിച്ചിരുന്ന നമ്മുടെ സഹോദരീസഹോദരന്മാർ പരസ്പരം തിരിയുന്നത് കാണുമ്പോൾ ഹൃദയഭേദകമാണ്,’ സോണിയ പറഞ്ഞു.
‘ഒരു അമ്മയെന്ന നിലയിൽ ഞാൻ നിങ്ങളുടെ വേദന മനസിലാക്കുന്നു. മണിപ്പൂരിലെ ജനങ്ങളിൽ എനിക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്, ഒരുമിച്ച് ഈ അഗ്നിപരീക്ഷയെ മറികടക്കുമെന്ന് തനിക്കറിയാമെന്ന് സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രം സർവ കക്ഷി യോഗം വിളിച്ചു. 2023 ജൂൺ 24 ന് മൂന്ന് മണിക്കാണ് യോഗം ചേരുക. അഭ്യന്തരമന്ത്രി അമിത് ഷായാണ് സർവകക്ഷി യോഗം വിളിച്ചത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
