റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം കീഴാറ്റൂരിലേത് രാഷ്ട്രീയകൊലപാതകമോ ? ആരോപണവുമായി ബന്ധുക്കൾ

January 29, 2021 - 12:23 pm

മലപ്പുറം: മലപ്പുറം കീഴാറ്റൂരിലെ മുസ്ലീം ലീഗ് പ്രവർത്തകനായ യുവാവിന്റേത് രാഷ്ട്രീയകൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികളുമായി പൊലീസ് വെളളിയാഴ്ച(29/01/21) തെളിവെടുപ്പ് നടത്തും.

ലീഗും കോൺഗ്രസും കൊലപാതകത്തിനു പിന്നിൽ സി പി എമ്മാണെന്ന് ആരോപിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വെള്ളിയാഴ്ച കൊല്ലപ്പെട്ട സമീറിൻ്റെ വീട് സന്ദർശിക്കുമെന്നാണ് സൂചന.

കീഴാറ്റൂരിലെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിലാണ് പൊലീസ് പ്രധാനമായും വ്യക്തത തേടുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് സമീറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ ആസൂത്രിത രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊല്ലപ്പെട്ട സമീര്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പിടിച്ചു മാറ്റാന്‍ പോയതാണോ എന്ന കാര്യത്തില്‍ അവ്യക്തത രൂപപ്പെട്ടതോടെ ദുരൂഹതയകറ്റാന്‍ ഈ കാര്യവും പരിശോധിക്കും. അറസ്റ്റിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയ അന്വേഷണ സംഘം കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്. ഒരു കുടുംബത്തില്‍ പെട്ട മൂന്ന് പേരടക്കം നാല് പ്രതികളാണ് കേസില്‍ ഇത് വരെ അറസ്റ്റിലായത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അതിന് മുന്നോടിയായി പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *