റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ പ്രതിരോധ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

March 13, 2020 - 9:46 am

കാസർഗോഡ് മാർച്ച് 13: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊറോണ പ്രതിരോധ സഹായത്തിനായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.എ.വി രാംദാസ് പറഞ്ഞു. ഇത് ജില്ലയില്‍ കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും. വാര്‍ഡുകള്‍ തോറും ആരോഗ്യ ജാഗ്രതാ സമിതികള്‍ വിപുലപ്പെടുത്തും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സൈബര്‍ ടീമിനെ ഉള്‍പ്പെടുത്തി മീഡിയ സര്‍വെലന്‍സ് വിപുലപെടുത്താനും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ചേര്‍ന്ന കൊറോണ പ്രതിരോധത്തിനായുള്ള പതിനഞ്ച് കമ്മിറ്റികളുടെ ഏകോപന യോഗം തീരുമാനിച്ചു.

ജില്ലയില്‍ 203 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 198 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അഞ്ചുപേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രികളിലും ആയി നിരീക്ഷണത്തിലാണ്. സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കും ആശുപത്രികളില്‍ ആവശ്യമായ മുന്‍കരുതലിന്  നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഡോക്ടര്‍മാരും സ്വകാര്യ ശുപത്രി ഡോക്ടര്‍മാരും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ.വി രാംദാസിന്റേയും കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജറാമിന്റേയും നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഫാര്‍മസിസ്റ്റുകള്‍ കൂടാതെ പാരാലീഗല്‍ വളണ്ടിയര്‍മാര്‍ ടൂറിസ്റ്റ്-ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഡി എം ഒ ഓഫീസില്‍ ബോധവല്‍ക്കരണം  നല്‍കി. ബോധവല്‍ക്കരണ പരിപാടികള്‍ തുടരും.

വിദേശങ്ങളില്‍ നിന്നു വരുന്നവര്‍ ആരോഗ്യ വകുപ്പിനെ നിര്‍ബന്ധമായും അറിയിക്കണം. 14 ദിവസം സ്വയം നിരീക്ഷണം ഉറപ്പാക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. രോഗലക്ഷണമുള്ളവര്‍ പിഎച്ച്‌സികളില്‍ രജിസ്റ്റര്‍ ചെയ്യണം. വാര്‍ഡ് തലത്തില്‍ ആരോഗ്യ ജാഗ്രത ശക്തമാക്കും.  എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലും ആരംഭിക്കാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ നാലു ജീവനക്കാരെ നിയോഗിച്ച് നാലു ലൈനുകളിലായി കൊറോണ പ്രതിരോധ ഹെല്‍പ് ഡെസ്‌ക് വിപുലീകരിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സംവിധാനങ്ങള്‍ വികേന്ദ്രീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സന്ദര്‍ശിക്കും. ഐ എം എ യുടെ സഹകരണവും തേടും. ആവശ്യത്തിന് മരുന്നുകളും മാസ്‌ക്കുകളും പി.പി.ടി   കിറ്റുകളും ഉറപ്പുവരുത്താനും തീരുമാനിച്ചു. കൈ കഴുകലിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നവ മാധ്യമങ്ങള്‍ ഉപയോഗിക്കാനും തീരുമാനിച്ചു. ഡോ എ.വിയ രാമദാസ്,  ഡോ. രാജാറാം, ഡപ്യൂട്ടി ഡി എം ഒ ഡോ. എ ടി മനോജ്, ജില്ലാ ആശുപതി സൂപ്രണ്ട് ഡോ കെ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *