ലേഖനം
ന്യൂസ് ഡെസ്ക്

ശ്രീചിത്രയ്ക്ക് വീണ്ടും ദേശീയ അംഗീകാരം, ആര്‍എന്‍എ കിറ്റിന് അനുമതി

May 20, 2020 - 3:46 pm

തിരുവനന്തപുരം: ശ്രീചിത്രയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. സ്വന്തമായി വികസിപ്പിച്ചെടുത്ത ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റ് ‘ചിത്ര മാഗ്ന’യ്ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കോവിഡ്- 19 പിസിആര്‍, ലാംപ് പരിശോധനകള്‍ക്കായി മാഗ്നറ്റിക് ബീഡ് അടിസ്ഥാന ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റാണ് ശ്രീചിത്ര വികസിപ്പിച്ചത്. രോഗിയുടെ സ്രവങ്ങളില്‍നിന്ന് ആര്‍എന്‍എ വേര്‍തിരിക്കുന്നതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റാണ് ചിത്ര മാഗ്ന. ലാംപ് ടെസ്റ്റിന് മാത്രമല്ല ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് ആവശ്യമുള്ള മികച്ച നിലവാരമുള്ള ആര്‍എന്‍എക്ക് വേണ്ടിയും ചിത്ര മാഗ്ന ഉപയോഗിക്കാം.

രോഗിയില്‍നിന്ന് ശേഖരിച്ച സാംപിളില്‍നിന്ന് ആര്‍എന്‍എ പിടിച്ചെടുക്കുന്നതിനും കേന്ദ്രീകരിക്കുന്നതിനുമായി കാന്തിക നാനോ പാര്‍ട്ടിക്കിളുകള്‍ ഉപയോഗിക്കുന്നു. വിപണിയില്‍ ലഭ്യമായ മറ്റു ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുമായി താരതമ്യംചെയ്തു നടത്തിയ പരീക്ഷണങ്ങളില്‍ ഇതുവഴി ലഭിക്കുന്ന ആര്‍എന്‍എ കേന്ദ്രീകരണം 6-7 മടങ്ങ് കൂടുതലാണ്. രോഗികളില്‍നിന്നുള്ള സ്രവം ശേഖരിച്ച് സൂക്ഷിക്കുമ്പോഴും ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ചില വൈറസുകളുടെ ആര്‍എന്‍എ വിഘടിച്ചുപോകാറുണ്ട്. ഇങ്ങനെയുള്ള ആര്‍എന്‍എയും പിടിച്ചെടുക്കാന്‍ മാഗ്നറ്റിക് ബീഡ് അടിസ്ഥാന സാങ്കേതികവിദ്യയ്ക്ക് കഴിയും. ഇത് ചിത്ര മാഗ്നയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കിറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നതിനെക്കാള്‍ ലളിതമായ സാങ്കേതികവിദ്യയാണ് ചിത്ര മാഗ്നയില്‍ ഉപയോഗിച്ചിരിക്കുന്നത്.

പിസിആര്‍, ലാംപ് ടെസ്റ്റുകളുടെ പരിശോധനാഫലം കൃത്യമാവണമെങ്കില്‍ ഗുണമേന്മയും സാന്ദ്രതയുമുള്ള ആര്‍എന്‍എ വേര്‍തിരിച്ചെടുക്കാന്‍ കഴിയണം. ഏതാനുംചില ഇന്ത്യന്‍ കമ്പനികളെ മാറ്റിനിര്‍ത്തിയാല്‍ രാജ്യത്ത് ഉപയോഗിക്കുന്ന ഭൂരിഭാഗം ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയുടെ ലഭ്യതക്കുറവ് വന്‍തോതില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തുന്നതിന് തടസമായിരുന്നു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പിച്ച കിറ്റുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതോടെ വ്യാവസായികമായി ഉല്‍പാദനം ഉടന്‍ ആരംഭിക്കാനാവും. കിറ്റുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൊച്ചി ആസ്ഥാനമായ കമ്പനിയുമായി കരാറായിക്കഴിഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *