റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് കൊറോണ ബാധിതരിൽ 62 ശതമാനത്തിനും രോഗലക്ഷണങ്ങൾ ഇല്ല എന്ന് ആരോഗ്യ വകുപ്പ്

June 13, 2020 - 11:31 pm

തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ ബാധിച്ചിട്ടുള്ള പേരിൽ 62 ശതമാനം ആളുകൾക്കും യാതൊരു വിധ രോഗലക്ഷണങ്ങളും ഇല്ല എന്ന് പഠനത്തിൽ തെളിഞ്ഞു. ആരോഗ്യവകുപ്പ് സംസ്ഥാനത്തെ കൊറോണ രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവരിൽ നിന്ന് രോഗം വ്യാപിക്കാനുള്ള സാധ്യത വളരെ അധികം ആണ് എന്നും വിലയിരുത്തൽ .

ഇന്ത്യയിൽ കൊറോണയുടെ സാമൂഹ്യ വ്യാപനം ഉണ്ടെന്ന് ഡോക്ടർ ജയപ്രകാശ് മൂളിയിൽ അഭിപ്രായപ്പെട്ടു. സാംക്രമിക രോഗശാസ്ത്രത്തിലെ വിദഗ്ധനാണ് ഇദ്ദേഹം. കേരളത്തിലും ഈ സാഹചര്യം സംശയിക്കുന്നുണ്ട്. എവിടെ നിന്ന് പകർന്നു കിട്ടി എന്ന് അറിയാൻ കഴിയാത്ത രോഗബാധയും മരണവും സംസ്ഥാനത്ത് ഉണ്ട് . ഇത് സാമൂഹിക വ്യാപനം ആകാം.

കോവിഡ്-19; കേരളത്തിൽ ശനിയാഴ്ച 85 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കേരളത്തിൽ ശനിയാഴ്ച 85 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 12 പേർക്കും, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 9 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 8 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 7 പേർക്കും, ഇടുക്കി, തൃശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 53 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്- 21, യു.എ.ഇ.- 16, സൗദി അറേബ്യ- 7, ഒമാൻ- 4, നൈജീരിയ- 3, റഷ്യ- 2) 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ഡൽഹി- 4, രാജസ്ഥാൻ- 1, പശ്ചിമ ബംഗാൾ- 1, ഉത്തർ പ്രദേശ്- 1) വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂർ ജില്ലകളിലെ 4 പേർക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തൃശൂർ ജിലയിൽ നിന്നുള്ള 3 പേരുടെയും, കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള ഓരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1045 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,418 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,33,429 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1989 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 223 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5170 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,09,729 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 3223 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 29,790 സാമ്പിളുകൾ ശേഖരിച്ചതിൽ 27,899 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,44,842 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ശനിയാഴ്ച പുതുതായി 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ നടുവിൽ, പാപ്പിനിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുൻസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശേരി, പൊൽപ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂർ ജില്ലയിലെ മാലൂർ, പെരളശേരി, പിണറായി, ശ്രീകണ്ഠാപുരം, തലശേരി മുൻസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയേയാണ് ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 117 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *