റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനം: പാക് സ്ഥാനപതിയെ വിളിച്ച് വരുത്തി ഇന്ത്യ

June 17, 2020 - 3:03 pm

പാകിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിടിച്ച് വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ സ്ഥാനപതി ഹൈദര്‍ ഷായെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.

More readഅതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു; 43 ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവഹാനി എന്ന് റിപ്പോര്‍ട്ട്‌.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി ഓഫീസില്‍നിന്ന് രാവിലെ എട്ടരയോടെ പുറത്തുപോയ ജീവനക്കാരെ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പാക് ഏജന്‍സികളാണ് പിടിച്ച് കൊണ്ടുപോയതെന്ന് വ്യക്തമാവുന്നത്. ജൂണ്‍ 15, തിങ്കളാഴ്ചയാണ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാക് ഏജന്‍സികള്‍ പിടിച്ചുകൊണ്ടുപോയി അനധികൃതമായി പത്ത് മണിക്കറിലധികം കസ്റ്റഡിയില്‍ വച്ചത്.ഇന്ത്യന്‍ ഹൈക്കമ്മീഷനും വിദേശകാര്യമന്ത്രാലയവും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് ഇവരെ വിട്ടയക്കാന്‍ പാക് ഏജന്‍സികള്‍ തയ്യാറായത്.

രണ്ട് ഉദ്യോഗസ്ഥരെയും ക്രൂരമായ പീഡനത്തിനും ചോദ്യം ചെയ്യലിനും വിധേയരാക്കിയ പാക് അധികൃതര്‍ ഇവരെ കൈയേറ്റം ചെയ്‌തെന്നും, ഗുരുതരമായ പരിക്കുകളേല്‍പ്പിച്ചെന്നും ഇന്ത്യ വ്യക്തമാക്കി. ഇവരെ നിര്‍ബന്ധിച്ച് വീഡിയോയ്ക്ക് മുന്നില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി എഴുതിയ രേഖയില്‍ ഒപ്പുവയ്പിച്ചു. ഹൈക്കമ്മീഷന്റെ വാഹനം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം ഇവരുടെ കാര്‍ ഒരാളെ ഇടിച്ചതിനെത്തുടര്‍ന്ന് ഇസ്ലാമാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തെന്നും രാത്രിയോടെ ജാമ്യത്തില്‍ വിട്ടെന്നുമാണ് പാക് മാധ്യമങ്ങളുടെ ഭാഷ്യം. ചാരവൃത്തിയില്‍ ഏര്‍പ്പെട്ട ഇന്ത്യയിലെ പാക് സ്ഥാനപതികാര്യാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മെയ് 31ന് പുറത്താക്കി. ഇതിന്റെ പ്രതികാരനടപടിയാണ് പാക് ഭാഗത്തുനിന്നെന്ന് സംശയിക്കുന്നു.

ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം അനാവശ്യമായി പാകിസ്ഥാനി അധികൃതര്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വ്യക്തമാക്കി. നേരത്തേ, ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പാക് ചാരസംഘടനയായ ഐഎസ്‌ഐ പിന്തുടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പാകിസ്ഥാനിലെ ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രപ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തിന് പിന്നാലെ ഐഎസ്‌ഐ അംഗം സഞ്ചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഇന്ത്യ പുറത്തുവിട്ടത്. ബൈക്കിലാണ് ഇയാള്‍ വാഹനത്തെ പിന്തുടര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്.

പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രഉദ്യോഗസ്ഥരോട് പാക് അധികൃതരും വിദേശകാര്യമന്ത്രാലയവും വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്നും, ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ നേരത്തേ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കള്ളക്കേസുകളില്‍ ഉദ്യോഗസ്ഥരെ പെടുത്തി ഉപദ്രവിക്കാനുള്ള നീക്കം നടക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *