ജമ്മു: പുൽവാമ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് പാക്കിസ്ഥാനിലെന്ന് കുറ്റപത്രത്തിൽ എൻ.ഐ.എ . കഴിഞ്ഞ ദിവസമാണ് 13000 ത്തിലേറെ പേജുള്ള കുറ്റപത്രം എൻ.ഐ.എ ജമ്മു കോടതിയിൽ സമർപ്പിച്ചത്. ഐ എസും ജെയ്ഷെ മുഹമ്മദും സംയുക്തമായാണ് ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.
ഇന്ത്യന്‍ ഏജന്‍സികള്‍ നല്‍കിയ തെളിവുകള്‍ക്കൊപ്പം അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കിയ തെളിവുകളും കുറ്റപത്രത്തിന് അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
കുറ്റപത്രത്തിൽ 19 തീവ്രവാദികളെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഗൂഢാലോചന നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരർ, ഇവർക്ക് സഹായം നൽകിയവർ, വിവിധ ഓപ്പറേഷനുകളിലായി കൊല്ലപ്പെട്ട തീവ്രവാദികൾ എന്നിവരുൾപ്പെടെയുള്ള പ്രതികൾ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരുടെ കോൾ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റുകളും ഒപ്പം ആർഡിഎക്സ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളുടെ ഫോട്ടോകളും മറ്റ് ഡിജിറ്റൽ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പുൽവാമ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന വധിച്ച ജെയ്ഷെ കമാൻഡറായ ഉമർ ഫാറൂഖിന്റെ ഫോണിൽ നിന്നാണ് ഈ സുപ്രധാന വിവരങ്ങൾ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നത്. ഭീകരാക്രമണത്തെ പ്രശംസിക്കുന്ന മസൂദ് അസറിന്റെ വീഡിയോയും ശബ്ദ സന്ദേശങ്ങളും ജെയ്ഷെ മുഹമ്മദ് ടെലഗ്രാം ഗ്രൂപ്പിൽ വന്ന പോസ്റ്റുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 14 നാണ് പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ചാവേർ സ്ഫോടനം നടന്നത്.
