ആലുവ : എടത്തലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തല കീഴായി മറിഞ്ഞു. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മരങ്ങള്‍ കടപുഴകി. പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് പലയിടത്തും വൈദ്യുത ബന്ധം തടസപ്പെട്ടു. കേബിള്‍ കണക്ഷനും തകരാറിലായി. 20-9-2020 രാവിലെ എട്ടുമണിയോടെയാണ് ഒരു മിനിറ്റ് നീണ്ടു നിന്ന ചുഴലിക്കാറ്റ് നാശം വിതച്ചത്. മാങ്ങാട്ടുകരയില്‍ മരം വീണ് വീട് തകര്‍ന്നു. വീട്ടിലും പരിസരത്തും ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കാറ്റിലും മഴയിലും അങ്കമാലി. കോതമംഗലം ഭാഗങ്ങളില്‍ കൃഷി വ്യാപകമായി നശിച്ചു. ഭൂതത്താന്‍കെട്ട് ഡാമിലെ ഷട്ടറുകള്‍ തുറന്നു.
സംസ്ഥാനത്ത് പല ജില്ലകളിലും അതിശക്തമായ മഴയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കിഴക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാറ്റോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്‍കി.
മഴ തീവ്രമായതിനെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
