റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഗോള പട്ടിണി സൂചികയിൽ രാജ്യം 94-ാം സ്ഥാനത്ത്; ബംഗ്ലാദേശും പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ത്യയെക്കാൾ മുന്നിൽ

October 17, 2020 - 10:12 pm

ന്യൂഡല്‍ഹി: 2020 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പരിതാപകരമായ നിലയിൽ. 117 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 94 ആണ്. പാകിസ്‌ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായാണ് റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. പട്ടിണിയിൽ നിരവധി ആഫ്രിക്കൻ രാജ്യങ്ങളെയും ഇന്ത്യ പിന്നിലാക്കി. ഏറ്റവും ദരിദ്രരായ കുട്ടികൾ ഉള്ള രാജ്യമായ ബംഗ്ലാദേശിനും പിറകിലാണ്‌ ഇന്ത്യയുടെ സ്‌ഥാനം.

സൂചിക അനുസരിച്ച് ലോകത്ത് അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ ഏറ്റവും കൂടുതൽ പട്ടിണിയുള്ളവർ ഇന്ത്യയിലാണുള്ളത്‌. കുട്ടികളിലെ പോഷകാഹാര കുറവിൽ 2015 ‐ 19 കാലഘട്ടത്തിൽ സ്ഥിതി കൂടുതൽ വഷളായി, കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010 ‐ 14 ൽ 15.1% ആയിരുന്നത്‌ വീണ്ടും ഉയർന്ന്‌ 17.3% ആയി.

അയൽ രാജ്യങ്ങളായ ബംഗ്ലാദേശിന്റെ സ്ഥാനം 75 ഉം പാകിസ്ഥാന്റെ സ്ഥാനം 88 ഉം നേപ്പാളിന്റെ സ്ഥാനം 73 ഉം, ശ്രീലങ്കയുടെ സ്ഥാനം 64 ഉം ആണ്.

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും ബ്രിക്‌സ്‌ രാജ്യങ്ങളുടെയും കൂട്ടത്തിലും ഇന്ത്യ ഏറ്റവും പിന്നിലാണ്‌. ഉഗാണ്ട, സുഡാൻ, അഫ്‌ഗാനിസ്ഥാൻ, ഹെയ്‌ത്തി, യമൻ, ലൈബീരിയ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌ തുടങ്ങിയ രാജ്യങ്ങളാണ്‌ ഇന്ത്യയുടെ പിന്നിലുള്ളത്‌. കുട്ടികളുടെ പട്ടിണിയിൽ രണ്ടുപതിറ്റാണ്ടിന്‌ മുന്പുള്ളതിനേക്കാൾ മോശം സ്‌ഥിതിയാണ്‌.

രാജ്യാന്തര സന്നദ്ധസംഘടനകളായ കൺസേൺ വേൾഡ്‌വൈഡ്‌, വെൽത്‌ ഹംഗർ ലൈഫ്‌ എന്നിവ സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്‌.

പോഷകാഹാരക്കുറവ്‌, അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലെ വളർച്ചമുരടിപ്പ്‌, ഭാരക്കുറവ്‌, ശിശുമരണനിരക്ക്‌ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സൂചിക. ഏറ്റവും മികച്ച സ്‌കോർ പൂജ്യവും ഏറ്റവും മോശം സ്‌കോർ നൂറും ആണ്‌. ഇന്ത്യക്ക്‌ ലഭിച്ചത്‌ 30.3 ആണ്‌. ഗുരുതര പട്ടിണി നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഏഷ്യ പ്രദേശങ്ങളിൽ, ഇന്ത്യയേക്കാൾ മോശമായ രാജ്യങ്ങൾ തിമോർ-ലെസ്റ്റെ, അഫ്ഗാനിസ്ഥാൻ, ഉത്തര കൊറിയ എന്നിവയാണ്.

അതേസമയം ശിശുമരണനിരക്കിൽ ഇന്ത്യ ഇപ്പോൾ 3.7 ശതമാനമായി മെച്ചപ്പെട്ടു. ആഗോളതലത്തിൽ 690 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ്‌ മഹാമാരി പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കുന്നതിലെ പുരോഗതിയെ ബാധിച്ചിരിക്കാമെന്ന് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *