റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ആദ്യ സംയോജിത പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ കേന്ദ്രം മലപ്പുറം കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കില്‍

October 29, 2020 - 2:27 pm

പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം ഉദാത്ത മാതൃക; മന്ത്രി ഇ.പി ജയരാജന്‍

മലപ്പുറം: പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം ഉദാത്ത മാതൃകയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിയുടെ കീഴില്‍ കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിക്കുന്ന പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കാലത്ത് വിനോദ സഞ്ചാരികളെ വരവേറ്റിരുന്ന മാലിന്യ കൂമ്പാരങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതെന്നും കേരളത്തിന്റെ ഹരിതഭംഗി വീണ്ടെടുക്കുയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതുവരെയായി 20,283 പദ്ധതികളാണ് ശുചിത്വത്തിനായി മാത്രം തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ മുഖ്യാതിഥിയായി.

കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കില്‍ ഒരേക്കര്‍ സ്ഥലത്താണ് സംയോജിത പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് ഒരുക്കുന്നത്. ക്ലീന്‍ കേരള കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കേരള പുനര്‍ നിര്‍മാണ ഫണ്ടില്‍ നിന്നും 2.1 കോടി ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിദിനം അഞ്ച് മെട്രിക് ടണ്‍ പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ സംസ്‌കരിക്കാന്‍ തക്ക ശേഷിയുള്ള പ്ലാന്റാണ് കിന്‍ഫ്രയില്‍ ഒരുക്കുന്നത്. എട്ട് മാസത്തിനകം പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാവുന്ന വിധത്തിലാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹരിതകര്‍മസേന വഴി ശേഖരിക്കുന്ന പാഴ് വസ്തുക്കളിലെ പ്ലാസ്റ്റിക് ഭാഗങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് പ്രധാന ലക്ഷ്യം. ഏഴ് വ്യത്യസ്ത തരം പ്ലാസ്റ്റിക്കുകള്‍ ഇനം തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന രീതിയാണ് പ്ലാന്റില്‍ നടപ്പാക്കുന്നത്. അതിനാല്‍ പ്ലാന്റിന് പരിസരത്തെ വായു, ജലം ഉള്‍പ്പടെയുള്ളവയ്ക്ക് ഇത് ദോഷകരമാകില്ലെന്ന് ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ പി. കേശവന്‍ നായര്‍ പറഞ്ഞു. പ്ലാന്റിലേക്കാവശ്യമായ വെള്ളം മഴവെള്ള സംഭരണികളിലൂടെ ലഭ്യമാക്കുന്നതിനാല്‍ ഭൂഗര്‍ഭ ജലസ്രോതസുകളെ ആശ്രയിക്കേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ പ്ലാന്റ്ിന് സമീപം തന്നെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രോണിക് പാഴ് വസ്തുക്കളുടെ സംസ്‌കരണ പ്ലാന്റിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഇരു പ്ലാന്റുകളും ഒരേ സ്ഥലത്ത് തന്നെ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രോണിക് പാഴ് വസ്തുക്കളില്‍ നിന്നും വേര്‍തിരിക്കുന്ന കട്ടികൂടിയ പ്ലാസ്റ്റിക് ഭാഗങ്ങള്‍ പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ പ്ലാന്റില്‍ തന്നെ സംസ്‌കരിക്കുന്നതിന് സൗകര്യമാകും. കിന്‍ഫ്ര പാര്‍ക്കിലെ രണ്ടേക്കര്‍ സ്ഥലത്താണ് ഇലക്ട്രോണിക് പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുന്നതിനായുള്ള പ്ലാന്റ് സ്ഥാപിക്കുക. കേടായതും ഉപയോഗ ശൂന്യമായതുമായ മൊബൈല്‍ ഫോണും കമ്പ്യൂട്ടറുകളും വീടുകളിലേയും ഓഫീസുകളിലേയും മറ്റു ഇലക്ട്രോണിക് പാഴ് വസ്തുക്കളും സംസ്ഥാനത്തിനകത്ത് തന്നെ സംസ്‌കരിക്കുന്നതിന് പുതിയ സംവിധാനത്തിലൂടെ വഴിയൊരുങ്ങും. പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേര്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8864/Plastic.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *