ന്യൂഡല്‍ഹി: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5 ഇന്ത്യയിലെത്തി. ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും.
ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാര്‍സ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ആണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. രണ്ടും മൂന്നും ഫേസുകള്‍ പരീക്ഷിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
വാക്‌സിനുകള്‍ റെഡ്ഡീസ് ലബോറട്ടറിയില്‍ എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ വാക്‌സിന്‍ എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഡോ. റെഡ്ഡിയുടെയും സ്പുട്നിക് വി യുടെയും ലോഗോയുള്ള ചെറിയ കെയ്‌സുകള്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതേ തുടര്‍ന്ന് ഡോ. റെഡ്ഡി ലബോറട്ടറി അധികൃതരെ മാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടപ്പോള്‍ റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിനുകളാണ് ഇന്ത്യയില്‍ എത്തിയതെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അനുമതി ലഭിച്ചതോടെയാണ് റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയിലെത്തിയത്.
രണ്ട് ഡോസ് വാക്സിനുകളുടെ രണ്ട് ഷോട്ടുകളും ലഭിച്ച ആദ്യത്തെ 16,000 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠിച്ചാണ് പരീക്ഷണ തീരുമാനം. റഷ്യയുടെ കൊവിഡ്-19 വാക്‌സിന്‍ സ്പുട്‌നിക് V 92 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
സ്പുട്‌നിക്ക് വി യുടെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇതിനോടകം തന്നെ യുഎഇ, വെനസ്വലെ തുടങ്ങിയ രാജ്യങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഒന്നിച്ചാണ് നടക്കുക. സുരക്ഷയും രോഗപ്രതിരോധവും ഉള്‍പ്പെടുന്ന ഒരു മള്‍ട്ടി-സെന്റര്‍, റാന്‍ഡമൈസ്ഡ് നിയന്ത്രിത പഠനമായിരിക്കും ഇന്ത്യയില്‍ നടക്കുക.
