കോട്ടയം: പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക ദയാഭായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.
80 കാരിയായ ദയാഭായി ജീവിതം ജനങ്ങള്‍ക്കായി സമര്‍പ്പിച്ച തനിക്ക് നിയമസഭ ജനസേവനത്തിനും നിയമനിര്‍മാണത്തിനുമുള്ള വേദിയാകുമെന്ന പ്രതീക്ഷ യോടെയാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കി. എതിര്സ്ഥാനാര്ഥികളെയോ മുന്നണികളെയോ കുറിച്ചോ തനിക്ക് അറിയേണ്ടതില്ലെന്നും അവർ പറഞ്ഞു.
കാസര്‍ഗോഡിനേക്കാള്‍ പരിചയവും ബന്ധങ്ങളും പാലായില്‍ കൂടുതലുണ്ട്.
പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഉപരിയായി വ്യക്തി ബന്ധമാണ് വലുത്.
നിയമസഭയിലേക്കു മത്സരിക്കാന്‍ പാലായിലെ വിവിധ സംഘടനകളും വ്യക്തികളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും ജനസേവനത്തിനുള്ള വലിയ അവസരമായി തെരഞ്ഞെടുപ്പിനെ കാണുന്നുവെന്നും ദയാഭായി പറഞ്ഞു.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള ചെലവിനു പുറമേ ഒരു പ്രസ്താവന മാത്രമേ പ്രചാരണത്തിന് ഇറക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. പിന്നീട് നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ജനങ്ങളെ നേരില്‍ സന്ദര്‍ശിക്കും. അവര്‍ക്കൊപ്പം താമസിച്ച് ആശയവിനിമയം നടത്തുമെന്നും ദയാബായി പറഞ്ഞു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിതർക്ക് വേണ്ടി പോരാടുന്ന ദയാഭായി കര്‍ഷകരുടേതുള്‍പ്പെടെ വിവിധ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാനാണ് മത്സരത്തിനിറങ്ങുന്നത്. നിലവില്‍ ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭത്തിലും ഇവര്‍ പങ്കാളിയാണ്.
പാലാ പൂവരണി പുല്ലാട്ട് മാത്യു -എലിക്കുട്ടി ദമ്പതികളുടെ 14 മക്കളില്‍ മൂത്തയാളാണ് മേഴ്സി മാത്യു എന്ന ദയാഭായി. നിയമം, സാമൂഹിക സേവനം എന്നിവയില്‍ ബിരുദങ്ങള്‍ നേടിയിട്ടുള്ള ദയാഭായി നിലവിൽ മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ ടിന്സായി, ബാറുള്‍ ഗ്രാമങ്ങളില്‍ ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
ഗോണ്ഡ് വിഭാഗക്കാരായ ആദിവാസികളെ ചൂഷണങ്ങളില്‍ നിന്നും മോചിപ്പിക്കാനായി മൂന്നു പതിറ്റാണ്ടിലേറെയായി ദയാഭായി ഇവരുടെ വേഷത്തിലും സംസ്കാരത്തിലും മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ കഴിയുകയാണ്. ഇവർ വുമണ്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പെടെ നൂറിലേറെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. പച്ചവിരല്‍ എന്ന ആത്മകഥ പ്രസിദ്ധമാണ്.
വയനാട്ടിലെ ആദിവാസി ജീവിതം ഇതിവൃത്തമാക്കിയ കാന്തന്, ഞാന്‍ നിന്നോടുകൂടെയുണ്ട് എന്നീ സിനിമകളില്‍ വേഷമിട്ടു. കൂടാതെ ഇവരുടെ സംഭവബഹുല ജീവിതം ഉള്ളടക്കമാക്കി ദയാഭായി എന്ന ഹിന്ദി സിനിമയും ഒറ്റയാള്‍ എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്.
