റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർണാടകയിൽ ക്വിൻ്റലിന് 1868 രൂപ സർക്കാർ താങ്ങുവില നിശ്ചയിച്ച അരി 1950 രൂപയ്ക്ക് വാങ്ങി റിലയൻസ്, വിപണി പിടിക്കാനുള്ള കോർപ്പറേറ്റ് തട്ടിപ്പെന്ന് കർഷകർ

January 11, 2021 - 1:00 pm

ബംഗളുരു: കാര്‍ഷികമേഖല കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റിലയന്‍സ്. കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം ഒരു കോര്‍പ്പറേറ്റും കര്‍ഷകരും തമ്മില്‍ നടക്കുന്ന ആദ്യത്തെ വലിയ കച്ചവടത്തിനാണ് കര്‍ണാടകയില്‍ റിലയന്‍സ് തുടക്കം കുറിച്ചത്.

സിന്ധാനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നും 1000 ക്വിന്റില്‍ സോന മസൂരി നെല്ലാണ് റിലയന്‍സ് വാങ്ങിയത്. 1,100 നെല്‍ കര്‍ഷകര്‍ അംഗങ്ങളുള്ള സ്വാസ്ത്യ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് കമ്പനിയുമായാണ് (എസ്.എഫ്.പി.സി) റിലയന്‍സുമായി രജിസ്റ്റര്‍ ചെയ്ത ഏജന്റുമാര്‍ കരാറില്‍ ഒപ്പുവെച്ചത്.

സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടിയ തുകക്കാണ് കര്‍ഷകരില്‍ നിന്നും റിലയന്‍സ് ഇപ്പോള്‍ നെല്ല് വാങ്ങിയിരിക്കുന്നത്. 1950 രൂപ ക്വിന്റലിന് എന്ന നിരക്കിലാണ് റിലയന്‍സ് വാങ്ങിയിരിക്കുന്നത്. 1868 രൂപയാണ് സര്‍ക്കാര്‍ നിശ്ചിയിച്ചിരിക്കുന്ന താങ്ങുവില.

തുടക്കത്തില്‍ കൂടിയ തുകക്ക് കര്‍ഷകരില്‍ വിളകള്‍ വാങ്ങുന്നത് കോര്‍പ്പറേറ്റ് തന്ത്രമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടിയ തുകയും മറ്റു സൗകര്യങ്ങളും നല്‍കി ഉപഭോക്താക്കളെ തങ്ങളുടെ വരുതിയിലാക്കുന്നതോടൊപ്പം മറ്റു മാര്‍ക്കറ്റുകള്‍(എ.പി.എം.സി മണ്ടി) ഇല്ലാതാക്കാനുള്ള തന്ത്രം കൂടിയാണ് ഇതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

‘തുടക്കത്തില്‍ കൂടിയ താങ്ങുവില നല്‍കി ഈ കോര്‍പ്പറേറ്റുകള്‍ കര്‍ഷകരെ പ്രലോഭിപ്പിക്കും. ഇതോടെ എം.പി.എം.സി മണ്ടികള്‍ അഥവാ പ്രാദേശിക മാര്‍ക്കറ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതാകും. എന്നാല്‍ പിന്നീട് ഈ കോര്‍പ്പറേറ്റുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ തുടങ്ങും. ഇവരുടെ ഗൂഢതന്ത്രങ്ങള്‍ തിരിച്ചറിയണം.’ കര്‍ണാടകയിലെ കര്‍ഷക നേതാവായ ഹാസിരു സന്‍സേ ചാമരാസ മാലിപട്ടീല്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *