റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി പരിഗണിക്കേണ്ടതില്ല, ആധാറിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി സുപ്രിം കോടതി: വീണ്ടും വിയോജിച്ച് ജ. ചന്ദ്രചൂഡ്

January 21, 2021 - 9:28 am

ന്യൂഡല്‍ഹി: ആധാറിന് നിയമസാധുതയുണ്ടെന്ന 2018 ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. സ്റ്റിസ് എന്‍ എ. എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 4.1 ഭൂരിപക്ഷ വിധിയിലാണ് ഹര്‍ജികള്‍ തള്ളിയത്. ഹര്‍ജി ഇനി പരിഗണിക്കേണ്ടതില്ലെന്ന് ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വിധിച്ചപ്പോള്‍, ജസ്റ്റിസ് ചന്ദ്രചൂഢ് മാത്രം ഇതിനോട് വിയോജിച്ചു. ”ഈ കേസില്‍ വിശദമായ വാദം കേള്‍ക്കാനും എല്ലാ വാദങ്ങളുടെയും പൊരുള്‍ പരിശോധിക്കാനും അന്തിമതീരുമാനം എടുക്കാനും വിശാലബഞ്ചിലേക്ക് വിടുകയാണ് ഉചിതം. അത് നിഷേധിക്കുന്നത് ഭരണഘടനാതത്വങ്ങളുടെ നിഷേധമാകും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നേരത്തേ പുറപ്പെടുവിച്ച വിധി എന്തുകൊണ്ട് പുനഃപരിശോധിക്കണം എന്ന് കോടതിയെ ബോധിപ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ല എന്നാണ് മറ്റ് നാല് ന്യായാധിപരും എഴുതിയത്. ജഖാന്‍വില്‍ക്കറിനൊപ്പം ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍, ബി.ആര്‍. ഗവായി എന്നിവരാണ് വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് വിധിച്ചത്.2018ല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ആധാര്‍ ഭരണഘടനാപരമാണെന്ന് ഭൂരിപക്ഷ വിധി നല്‍കിയത്. രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ 2016 മാര്‍ച്ച് 12ന് ആധാര്‍ ബില്‍ മണി ബില്ലായാണ് കേന്ദ്രം ലോക്സഭയില്‍ പാസാക്കിയത്. മണി ബില്ലിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. ആധാര്‍ മണിബില്ലായി അംഗീകരിച്ച ലോക്സഭാ സ്പീക്കറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റാത്തതാണോ,? ആധാര്‍ നിയമം മണിബില്ലായി അംഗീകരിച്ചത് ഭരണഘടനയുടെ 110 ( 1)? വകുപ്പ് പ്രകാരം സാധുവാണോ എന്നതായിരുന്നു 2018ലെ അഞ്ചംഗ ബെഞ്ച് പരിഗണിച്ചത്. സ്പീക്കറുടെ തീരുമാനം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ കോടതിയില്‍ ചോദ്യം ചെയ്യാനാവൂ എന്നും ആധാര്‍ നിയമം മണി ബില്ലായി അംഗീകരിച്ചത് ശരിയാണെന്നുമായിരുന്നു ആ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാര്‍ പദ്ധതി തന്നെ ഭരണഘടനാപരമല്ലെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയെഴുതിയത്. സാങ്കേതിക വിദ്യയുടെ മാറ്റങ്ങളുടെ പേരില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ അടിയറവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *