റിയാദ്: നിയമ വിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ ആയിരത്തിലേറെ കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച കേസില്‍ ഇന്ത്യന്‍ പ്രവാസികളടക്കം വന്‍സംഘം സൗദിയില്‍ അറസ്റ്റിലായി. സംഘത്തില്‍ മലയാളികളും ഉള്‍പ്പെടുന്നു. സംഘത്തില്‍ പെട്ട അഞ്ചുപേരെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. നിയമ വിരുദ്ധമായി 1,159 കോടിയിലേറെ റിയാലാണ് ഇവര്‍ വിദേശത്തേക്കയച്ചത്. വ്യവസായികളും സൗദി പൗരന്മാരും വിദേശികളും ബാങ്കുദ്യോഗസ്ഥരും അടക്കം കേസില്‍ 32 പ്രതികളാണുളളത്. സൗദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് സംഘത്തെ വലയിലാക്കിയത്.
ഒരു കോടിയോളം റിയാല്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ പോകുന്നതിനിടെയാണ് ഇവര്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. കാര്‍ തടഞ്ഞുനിര്‍ത്തി സംഘത്തെ അറസ്റ്റ് ചെയ്യുന്നതിന്റെയും , പിന്നീട് ഇന്ത്യാക്കാരുടെ താവളത്തില്‍ പരിശോധന നടത്തുന്നതിന്റെയും നോട്ടുകെട്ടുകള്‍ കണ്ടെടുക്കുന്നതിന്റെയും, , പണം എണ്ണി തിട്ടപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിംഗാണ് കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടത്.
സംശയകരമായ നിലയില്‍ വിദേശങ്ങളിലേക്കുളള പണമയക്കല്‍ കണ്ടെത്താന്‍ സെന്‍ട്രല്‍ ബാങ്ക് സൂക്ഷ്മവും കൃത്യവുമായ മാനദണ്ഡങ്ങളും നയങ്ങളും വ്യവസ്ഥകളും തയ്യാറാക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ വക്താവ് അഹമ്മദ് അല്‍ ഹുസൈന്‍ പറഞ്ഞു. അഴിമതി വിരുദ്ധ കമ്മീഷനില്‍ സേവനമനുഷ്ടിക്കുന്ന വിദഗ്ദ്ധരുടെ പ്രൊഫഷനലിസത്തിന്റെയും, കേന്ദ്രബാങ്ക് നടപ്പിലാക്കിയ പുനഃപരിശോധനാ നയങ്ങളുടേയും ഫലമായാണ് പ്രതികളുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ സ്വഭാവത്തിനും പങ്കിനുമനുസരിച്ച് ഓരോ പ്രതികള്‍ക്കും വ്യത്യസ്ഥമായ ശിക്ഷകളാണ് ലഭിക്കുക. കൈക്കൂലി ,വ്യാജ രേഖാ നിര്‍മ്മാണം, ബിനാമി ബിസിനസ്, അടക്കമുളള കുറ്റകൃത്യങ്ങളിലാണ് സംഘത്തില്‍ പെട്ടവര്‍ക്ക് പങ്കുളളതെന്നും അഹമ്മദ് അല്‍ ഹുസൈന്‍ പറഞ്ഞു.
ഇത്തരത്തിലുളള അഴിമതികളേക്കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായിസൂക്ഷിക്കുമെന്നും അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി സൗദിയില്‍ അഴിമതി, ബിനാമിയിടപാടുകള്‍ എന്നിവക്കെതിരെ നിരവധി രേപരാണ് അറസറ്റ് ചെയ്യപ്പട്ടിട്ടുളളത്.
