തിരുവനന്തപുരം : മുസ്ലിം ലീഗിനെ വീണ്ടും രൂക്ഷമായ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. മുന്നാക്ക സംവരണത്തിൽ സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിച്ചുവെന്ന് വിജയരാഘവൻ ആരോപിച്ചു. സംവരണത്തിനെതിരെ രംഗത്തിറങ്ങിയത് വർഗ്ഗീയ ശക്തികളാണ്. ഇതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും എന്ന തലക്കെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിൽ വിജയരാഘവൻ പറയുന്നു.
തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വർഗീയ കൂട്ടുകെട്ടുകൾ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കേരളത്തിലെ കോൺഗ്രസിനുള്ളത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ വോട്ടുകൾ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അവർ ഫലപ്രദമായി ഉപയോഗിച്ചാണ് വിജയം നേടിയത്. എന്നാൽ, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികൾക്ക് ലഭിക്കുകയും പ്രധാനമന്ത്രിയാകുമെന്ന് അവർ പ്രചരിപ്പിച്ച രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിക്കാതിരിക്കുകയും ചെയ്‌തു. ഇത് രാജ്യത്തെ രാഷ്‌ട്രീയ ഘടനയിൽ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികൾക്ക് മേധാവിത്വം നൽകി.
