റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘‘ വീട്ടിലേക്ക് തിരിച്ചു വാ, നിന്നോടും നിന്റെ പിതാവിനോടും ഞങ്ങള്‍ക്ക് കണക്കു തീര്‍ക്കാനുണ്ട്. ഇത്തവണ ഒരു പിഴവും സംഭവിക്കില്ല’ മലാലയ്ക്ക് ഭീഷണിയുമായി ഒമ്പത് വര്‍ഷം മുന്‍പ് വെടിയുതിര്‍ത്ത താലിബാന്‍ ഭീകരന്‍ വീണ്ടും

February 18, 2021 - 11:37 am

ഇസ്ലാമാബാദ്: നോബേല്‍ സമ്മാനജേതാവായ മലാല യൂസഫ്‌സായ്ക്ക് നേരെ വധഭീഷണിയുമായി വീണ്ടും തലിബാന്‍ പാക് ഘടകം. 2012 ല്‍ മലാലയെ വെടിവെച്ച പാകിസ്താന്‍ താലിബാന്‍ അംഗം ഇഹ്‌സനുള്ള ഇഹ്‌സാന്‍ തന്നെയാണ് മലാലയ്ക്ക് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്.

‘ വീട്ടിലേക്ക് തിരിച്ചു വാ, നിന്നോടും നിന്റെ പിതാവിനോടും ഞങ്ങള്‍ക്ക് കണക്കു തീര്‍ക്കാനുണ്ട്. ഇത്തവണ ഒരു പിഴവും സംഭവിക്കില്ല,’ ഇഹ്‌സാന്റെ ട്വീറ്റില്‍ പറയുന്നു. ഭീഷണിക്കു പിന്നാലെ 2017 ല്‍ അറസ്റ്റിലായ ഇയാള്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് പാക് പ്രധാനമന്ത്രിയും സൈന്യവും വ്യക്തമാക്കണമെന്ന് മലാല ആവശ്യപ്പെട്ടു.

2017 ല്‍ അറസ്റ്റിലായ ഇഹ്‌സാന്‍ 2020 ല്‍ തടവില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ശേഷം ഇഹ്‌സാന്‍ ട്വിറ്ററിലൂടെ നിരവധി പാക് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കിയിട്ടുണ്ട്. മലാലയ്‌ക്കെതിരായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഇയാള്‍ക്കുണ്ടായിരുന്നു. ഇവയും സസ്‌പെന്‍ഡ് ചെയ്തു.

പാകിസ്താനിലെ താലിബാന്‍ ഘടകമായ തെഹ്‌രീക് ഇ താലിബാന്‍ ദീര്‍ഘകാല അംഗമാണ് ഇഹ്‌സാന്‍. എങ്ങനെയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് പാക് സൈന്യത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും മറുപടിയൊന്നും വന്നിട്ടില്ല.

2012 ലായിരുന്നു മലാലയ്ക്ക് നേരെ ഇഹ്‌സാന്‍ വെടിയുതിര്‍ത്തത്. മലാല സഞ്ചരിച്ച സ്‌കൂള്‍ ബസ് തടഞ്ഞ് നിര്‍ത്തുകയും, പേര് ചോദിച്ച ശേഷം മലാലയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ക്കുകയുമായിരുന്നു.

ഇതിനു പുറമെ 2014 ല്‍ പാക് ആര്‍മി പബ്ലിക് സ്‌കൂളില്‍ നടന്ന കൂട്ടക്കുരുതിയിലും ഇയാള്‍ പ്രതിയാണ്. സ്‌കൂളിലേക്ക് നടന്ന ഭീകരാക്രമണത്തില്‍ 134 കുട്ടികളായിരുന്നു കൊല്ലപ്പെട്ടത്. 2007 ലാണ് പാക് താലിബാന്‍ സ്വാത് വാലി മേഖല പിടിച്ചെടുക്കുന്നത്. 2019 വരെ അവര്‍ മേഖലയില്‍ ആധിപത്യം പുലര്‍ത്തി. കസ്റ്റഡിയിലുണ്ടായ സമയത്ത് ഇഹ്‌സാന്‍ വിചാരണ നേരിട്ടില്ല. എങ്ങനെയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും വ്യക്തമല്ല. നിലവില്‍ തുര്‍ക്കിയിലാണ് ഇഹ്‌സാന്‍ ഉള്ളതെന്നാണ് വിവരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *