തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ പ്രൊഫസറും അസ്ഥി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇ.സി. ബാബുക്കുട്ടിയുടെ (60) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇൻഷുറൻസ് തുക ബന്ധുക്കളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി എന്നിവയുടെ നേതൃത്വത്തിലുള്ള പരിശ്രമമാണ് കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.പി. ഇൻഷുറൻസ് ക്ലൈം ലഭിക്കാൻ സഹായകരമായത്. ഇതുവരെ ഏഴ് ആരോഗ്യ പ്രവർത്തകർക്കാണ് ഇൻഷുറൻസ് ക്ലെയിം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്സ്. 941/2021
