ന്യൂഡൽഹി: ഒരുപാട് രോഗങ്ങളോട് മല്ലിട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന അമിതാഭ് ബച്ചൻ താൻ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകുന്നു എന്ന് ബ്ലോഗിലൂടെ വെളിപ്പെടുത്തി. മെഡിക്കൽ കണ്ടീഷൻ, സർജറി എഴുതാനാവില്ല എന്ന ബ്ലോഗിലെ കുറിപ്പ് ആരാധകർക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബിഗ്ബിയുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥനാ നിരതരായി ഇരിക്കുകയാണ് ആരാധകർ എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമാരംഗത്തെ സജീവമാണെങ്കിലും നിരവധി ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ബിഗ് ബി ഇതൊന്നും പുറത്തു കാണിക്കാറില്ല എന്ന് മാത്രം. ഹൈദരാബാദിൽ ചിത്രീകരണം നടക്കുന്ന മെയ്ഡേയിൽ അജയ് ദേവ്ഗണിനും , രാഹുൽ പ്രീത് സിംഗിനുമൊപ്പം അഭിനയിച്ചുകൊണ്ടിരിക്കെയാണ് ബിഗ്ബിയുടെ ആരോഗ്യസ്ഥിതി മോശമായത്.
ഈ സിനിമയ്ക്ക് ശേഷം രശ്മി മന്ദാന നായികയാവുന്ന വികാസ് ബാലിന്റെ ചിത്രത്തിലായിരുന്നു ബിഗ്ബി അഭിനയിക്കേണ്ടിയിരുന്നത്. അസുഖം കാരണം ചിത്രങ്ങളുടെ റിലീസ് നീണ്ടുപോകാൻ ഇടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞവർഷം കൊവിഡ് പോസിറ്റീവ് ആയതിനാൽ മുംബൈയിലെ നാനാവതി ആശുപത്രിയിൽ 22 ദിവസത്തെ ചികിത്സക്കുശേഷം ഓഗസ്റ് രണ്ടിനാണ് അദ്ദേഹം നെഗറ്റീവായി വീട്ടിലെത്തിയത്. ബച്ചൻ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
