കൊല്ലം: മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റ് വിതരണം മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്. വരണാധികാരികളും ഉപവാരണാധികാരികളും സ്‌ക്വാഡുകളോടൊപ്പം പരിശോധനകളില്‍ പങ്കെടുക്കുന്നത് വഴി പെരുമാറ്റച്ചട്ട ലംഘനത്തെ സംബന്ധിച്ച് കൂടുതല്‍ അറിവ് പകരുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര നിരീക്ഷകരുടെ നിര്‍ദേശമനുസരിച്ച് കേന്ദ്ര സേനകളുമായി സഹകരിച്ച് റെയില്‍വേ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ അവസാനഘട്ട പരിശീലനം മാര്‍ച്ച് 26 മുതല്‍ ആരംഭിക്കും. ഭൂരിഭാഗം മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്റമൈസേഷനും മാര്‍ച്ച് 26ന് നടത്തും. സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം. അലക്‌സ് പി. തോമസ്, സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്. അനില്‍, ജൂനിയര്‍ സൂപ്രണ്ട് അജിത്ത് ജോയി, വരണാധികാരികള്‍, ഉപവരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
