തിരുവനന്തപുരം: ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ വിശദീകരണം തേടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും അദ്ദേഹം 28/03/21 ഞായറാഴ്ച പറഞ്ഞു.
ശബരിമല വിഷയം കോടതിയ്ക്ക് മുന്നിലാണ്. കോടതി തീരുമാനം വരുമ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാമെന്നും സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം തിരുത്തുമോ എന്നത് പ്രസക്തമല്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധി വന്നാല്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
