ലണ്ടന്‍: യാത്രാവിലക്കുളള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും പെടുത്തി ബ്രിട്ടന്‍. കോവിഡ് വകഭേതത്തിന്റെ ഇന്ത്യയിലെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് എന്ന് ബ്രീട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. ഇതോടെ 2021 ഏപ്രില്‍ 23 വെളളിയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലേക്കുളള യാത്രനുമതി ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉളളവര്‍ക്കും ബ്രിട്ടനില്‍ താമസിക്കാന്‍ നിലവില്‍ അനുമതി ഉളളവര്‍ക്കും മാത്രമായി ചുരുങ്ങും. ഇന്ത്യയിലുളള ഐറിഷ് പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ക്കും യാത്രനുമതി ഉണ്ടാവും.
ടൂറിസ്റ്റ് വിസകള്‍, വര്‍ക്ക് പെര്‍മിറ്റ് വിസകള്‍ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ 10 ദിവസത്തിനുളളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുളളവര്‍ക്കും വിലക്ക് ബാധകമാണ്. യാത്രാനുമതിയില്‍ ഇളവ് ലഭിച്ച് ബ്രിട്ടനിലെത്തുന്നവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റൈന് വിധേയരാവണം. ഇതിനായി വരുന്ന ഭാരിച്ച ചെലവ് ഓരോ യാത്രക്കാരനും നല്‍കേണ്ടിവരും. 1750 പൗണ്ടാണ് ഒരു യാത്രക്കാരന്‍ നല്‍കേണ്ടി വരുന്നത് . താമസചെലവ്, ഭക്ഷണം, വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുളള യാത്രാ ചെലവ്, പിസിആര്‍ ടെസ്റ്റിനുളള ചെലവ് എന്നിവ ചേര്‍ത്തുളള തുകയാണിത്.
