ആലപ്പുഴ : കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ നിർദ്ദേശം നൽകി ജില്ല കളക്ടർ എ. അലക്‌സാണ്ടർ. എൻ. എച്ച്. എമ്മിനാണ് നിർദ്ദേശം നൽകിയത്. തദ്ദേശ സ്ഥാപനങ്ങൾളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അടക്കം ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിൽ മാനദണ്ഡങ്ങൾ പാലിച്ച് താൽക്കാലിക നിയമനം നടത്താനും കളക്ടർ അനുമതി നൽകി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിർദ്ദേശം. കോവിഡ് പരിശോധനകൾ കൂടുതലായി നടത്തുന്നുണ്ട്. എന്നാൽ പരിശോധനാ ഫലം ലഭ്യമാകുന്നതിൽ ചില കാലതാമസം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി. പ്രാദേശിക തലത്തിലടക്കം പ്രവർത്തിക്കുന്ന സി. എഫ്. എൽ. റ്റി. സി, ഡി. സി. സി അടക്കമുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തും.
കോവിഡ് രോഗ വ്യാപനത്തിന്റെ തോത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും ഒരു ആംബുലൻസിന്റെ ലഭ്യത ഉറപ്പാക്കും. ബ്ലോക്ക് തലത്തിൽ സേവനം നടത്തുന്ന ആംബുലൻസിന് പുറമേയാകും ഇത്.
മുൻകരുതലെന്ന നിലയിൽ 500 ഓക്‌സിജൻ ബെഡുകൾ കൂടി സജ്ജീകരിക്കും. ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കൂടുതൽ സിലിണ്ടറുകൾ ഏറ്റെടുക്കാനുള്ള നടപടികൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുന്നുണ്ട്. ഇതിനായി പ്രത്യേകം വാർ റൂം മാനേജ്‌മെന്റ് പ്രവർത്തിക്കുന്നുണ്ട്.
ഹെൽപ് ഡെസ്‌ക്കുകൾ, കോൾ സെന്ററുകൾ, ടെലി മെഡിസിൻ അടക്കമുള്ള സംവിധാനം വഴിയുള്ള സഹായ പ്രവർത്തനങ്ങളും ജില്ലയിൽ സുഗമമായി നടക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുറമേ ജില്ലയിലെ പൊതു പ്രശ്‌നങ്ങളായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയ നെല്ല് സംഭരണത്തിലെ കാലതാമസവും തണ്ണീർമുക്കം ബണ്ട് സംബന്ധിച്ച വിഷയവും ഒരാഴ്ച്ചക്കുള്ളിൽ തന്നെ പരിഹരിക്കാനാണ് ശ്രമമെന്നും കളക്ടർ വ്യക്തമാക്കി. എം.പി മാരായ എ. എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, നിയുക്ത എം. എൽ. എ മാരായ, സജി ചെറിയാൻ, പി. പി ചിത്തരഞ്ജൻ, രമേശ് ചെന്നിത്തല, എച്. സലാം, ദലീമ ജോജോ, എം. എസ് അരുൺകുമാർ, തോമസ്. കെ. തോമസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
