തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. മൂന്നരക്കോടിയോളം രൂപ കവര്‍ന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് 16/06/21 ബുധനാഴ്ച കോടതി തള്ളിയത്.
കൊള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരുന്നതിനാലും കേസ് അട്ടിമറിക്കാന്‍ സാധ്യത നിലനില്‍ക്കുന്നതിനാലും പ്രതികള്‍ക്ക് ജാമ്യമനുവദിക്കരുതെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
5-ാം പ്രതി അരീഷ്, 6-ാം പ്രതി മാര്‍ട്ടിന്‍, 7-ാം പ്രതി ലബീബ്, 8ാം പ്രതി അഭിജിത്, 9-ാം പ്രതി വട്ടൂര്‍ ബാബു, 10-ാം പ്രതി അബ്ദില്‍ ഷാഹിബ്, 11-ാം പ്രതി ഷുക്കൂര്‍, 19-ാം പ്രതി എഡ്വിന്‍, 18-ാം പ്രതി മുഹമ്മദ് ഷാഫി, 13-ാം പ്രതി അബ്ദുള്‍ സലാം എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
അതേസമയം കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കവര്‍ച്ച ചെയ്തത് ഹവാല പണമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
