കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത ശേഷം 23/06/21 ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി.
കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും ഐജി വ്യക്തമാക്കി. നേരത്തെ കിരണിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പുനരന്വേഷിക്കാനും ധാരണായിട്ടുണ്ട്.
”ശക്തമായ തെളിവുകളുള്ള കേസാണ്. പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ട കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ നടപടി ഉണ്ടാകും. നിലവില്‍ അത്തരത്തിലുള്ള വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങള്‍ നല്‍കും.” ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
