മുംബൈ: റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ബോര്‍ഡില്‍ അംഗമായി സൗദി അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും ബോര്‍ഡ് അംഗവുമായ യോഗേന്ദ്ര പി ത്രിവേദി സ്ഥാനമൊഴിയുന്നതിന്റെ പശ്ചാതലത്തിലാണ് സൗദി എണ്ണ ഭീമന്‍ അരാംകോ മേധാവി ബോര്‍ഡില്‍ എത്തുന്നത്. ആഗോള തലത്തില്‍ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയാണ് അരാംകോ. റിലയന്‍സിന്റെ ഓയില്‍ – കെമിക്കല്‍സ് വ്യാപാരത്തില്‍ 15 ബില്യണ്‍ മൂല്യം വരുന്ന 20 ശതമാനം ഓഹരി ആരാംകോയക്ക് വില്‍ക്കാന്‍ 2019ല്‍ തീരുമാനമായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കരാര്‍ നടക്കാതെ പോവുകയാണുണ്ടായത്. യാസിര്‍ അല്‍ റുമയ്യാന്റെ സേവനം റിലയന്‍സിന്റെ അന്താരാഷ്ട്രവത്കരണത്തിന്റെ തുടക്കമാണെന്ന് റിലയന്‍സ് തലവന്‍ മുകേഷ് അംബാനി പറഞ്ഞു.
