റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

July 11, 2021 - 6:37 pm

പത്തനംതിട്ട: രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക് കൈമാറിയ തിരുവല്ലയിലെ ഒരു മാരുതി ഡീലര്‍ഷിപ്പിനാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 1,03,000 രൂപ പിഴയിട്ടത്.

10/07/21 ശനിയാഴ്ച പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം നടന്നത്. വാഹനം രജിസ്റ്റർ ചെയ്യാതെയും അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനങ്ങൾ ഡെലിവറി നടത്തുന്നു എന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ടിഓമാര്‍ക്കും ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണറുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഡീലര്‍ക്ക് പിഴ ചുമത്തിയത്.

തിരുവല്ല ടൗണില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് യാദൃശ്ചികമായി പുതിയ വാഗണ്‍ ആര്‍ വന്നുപെടുന്നത്. ഈ കാറിന് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാഹനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നാലെ ഡീലര്‍ക്ക് 103000 രൂപ പിഴയും ചുമത്തി. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലംഘനത്തിന് ഒരുലക്ഷം രൂപയും വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിന് 3000 രൂപയും വീതമാണ് ഫൈന്‍ ഈടാക്കിയത്.

പുതിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത് ഉടമകള്‍ക്ക് കൈമാറേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. എന്നാല്‍ പല ഡീലര്‍മാരും ഉടമകളുടെ അജ്ഞത മുതലെടുത്തു ഇത് ലംഘിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യാതെ റോഡിലിറക്കിയാല്‍ ഉടമകള്‍ പല ഊരാക്കുടുക്കുകളിലേക്കുമായിരിക്കും ചെന്നുപെടുക.

ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കിയത്. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഇതോടെ ഒഴിവായിരുന്നു. പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ നിന്നു തന്നെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *