മുംബൈ: ഇന്ത്യയില്‍ 2021ല്‍ സ്വര്‍ണാഭരണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും ധാരണയില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് 25-40 പ്രായപരിധിയിലുള്ളവര്‍, അതിനു മുകളിലുള്ളവര്‍ എന്നിവരെ ലക്ഷ്യമിട്ട് സ്വര്‍ണാഭരണങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അവബോധം വര്‍ധിപ്പിക്കുക, അതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടുക എന്ന ലക്ഷ്യത്തോടെ ഇരുവരും പ്രവര്‍ത്തിക്കും. ഇന്ത്യയിലെ യുവ വനിതകള്‍ സജീവ സ്വര്‍ണാഭരണ ഉപഭോക്താക്കളാണെന്നാണ് ചെറുകിട സ്വര്‍ണാഭരണ മേഖലയെ കുറിച്ചു വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു.
2019-ലെ സര്‍വേയ്ക്കു ശേഷം ഒരു വര്‍ഷത്തിനിടെ 18-24 പ്രായമുള്ള 33 ശതമാനം ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതായാണ് കണക്ക്. ഇവരുടെ ഭാവി വാങ്ങലുകള്‍ ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിപണിയില്‍ സ്വര്‍ണാഭരണങ്ങളടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സ്ഥായിയായ മാതൃകയാണ് വികസിപ്പിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നു ജെ.ജി.ഇ.പി.സി. ചെയര്‍മാന്‍ കോളിന്‍ ഷാ പറഞ്ഞു.
