റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ഞുരുക്കാൻ പുതിയ ഫോർമുല; നവജ്യോത് സിംങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് സൂചന

July 15, 2021 - 4:48 pm

അമൃത്സർ: നവജ്യോത് സിംങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് സൂചന. സംസ്ഥാനത്ത് നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും സുപ്രധാന നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

പഞ്ചാബ് മുഖ്യമന്ത്രിയായി അമരീന്ദര്‍ സിങിനെ തുടരാന്‍ അനുവദിക്കുകയും പാര്‍ട്ടിയിലെ വിമത ശബ്ദമായ മുതിര്‍ന്ന നേതാവ് നവോജ്യോത് സിങ് സിദ്ദുവിന് സംസ്ഥാന അധ്യക്ഷ സ്ഥാനം നല്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നതകള്‍ പരിഹരിക്കാനുള്ള പുതിയ ഫോര്‍മുലയുടെ ഭാഗമായാണ് നീക്കം എന്നാണ് 15/07/21 വ്യാഴാഴ്ച പുറത്തു വരുന്ന റിപ്പോര്‍ട്ട്.

പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഹരീഷ് റാവത്ത് ഇത് സംബന്ധിച്ച് പ്രതികരിച്ചതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടോ മുന്നോ ദിവസത്തിനുള്ളില്‍ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗം നിലവില്‍ വരും. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് ഒപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.

അമരീന്ദര്‍സിങിനെ മുഖ്യമന്ത്രിസ്ഥാനത്തു നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. രണ്ടു നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. സിദ്ദു സംസ്ഥാനത്തിന്റെ ഭാവിവാഗ്ദാനമാണ്. എന്ത് തീരുമാനമെടുക്കുമ്പോഴും എന്ത് പ്രസ്താവന ഇറക്കുമ്പോഴും ഇക്കാര്യം അദ്ദേഹം ആലോചിക്കേണ്ടതുണ്ടെന്നും ഹരീഷ് റാവത്ത് വിശദീകരിച്ചു.

ജൂൺ മാസം ഡല്‍ഹിയില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിദ്ദുവുമായി രാഹുലും പ്രിയങ്കയും അടക്കമുള്ള ഉന്നത നേതാക്കള്‍ ഭിന്നത സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയോട് അനുകൂല നിലപാട് സ്വീകരിച്ച് സിദ്ദു പ്രസ്താവന നടത്തിയത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *