ന്യൂഡൽഹി: പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷത്തെ നിര്‍ണ്ണായക സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളെ പെഗാസസ് പ്രത്യേകം ലക്ഷ്യം വെച്ചിരുന്നതായിട്ടാണ് വിവരം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമത ബാനര്‍ജിയുടെ ബന്ധുവും തൃണമൂല്‍ എംപിയുമായ അഭിഷേക് ബാനര്‍ജി എന്നിവരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാക്കളുടെ നിരയില്‍ നിന്ന് കൂടുതല്‍ പേരുകള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
ഇവര്‍ക്കുപുറമെ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ബന്ധമില്ലാത്ത അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ഇസ്രയേല്‍ സ്‌പൈ വൈറസ് ഉപയോഗപ്പെടുത്തി ശേഖരിച്ചുവെന്ന് വയര്‍ റിപ്പോര്‍ട്ടുചെയ്യുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന 2018 പകുതി മുതല്‍ 2019 വരെയാണ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇക്കാലയളില്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണ്‍ നമ്പറുകളെങ്കിലും ചോര്‍ത്തപ്പെട്ടിട്ടുണ്ട്. നിലവില്‍ ഉപയോഗത്തിലില്ലാത്ത ഈ നമ്പറുകളില്‍ നിന്ന് വലിയ രീതിയില്‍ വിവരം ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ ആംനസ്റ്റി ഇന്റര്‍നാഷല്‍ ഫോറന്‍സിക് പരിശോധയ്ക്ക് വിധേയമാക്കിയവരില്‍ രാഹുല്‍ ഗാന്ധിയുടെ വിവരങ്ങളില്ല. അതുകൊണ്ടുതന്നെ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമെ രാഹുല്‍ ഗാന്ധിക്കെതിരായി പെഗാസസ് വൈറസ് പ്രയോഗിച്ചോ എന്ന് ഉറപ്പിക്കാനാകുമോ എന്നും വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള വലിയ കടന്നുകയറ്റമാണ് ഉണ്ടായത്. ഇതിന്റെ വ്യാപ്തി ഏറെ വലുതാണ്. ഇത് ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് നേരെയുള്ള ആക്രമണമാണ്’- എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
