തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് കടുത്ത ക്ഷാമം. പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്‌സിന്‍ ഡോസ് തീര്‍ന്നതിനാല്‍ 27/07/21 ചൊവ്വാഴ്ച സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമാകും വാക്‌സിനേഷന്‍ നടക്കുക. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കണ്ണൂർ , കോഴിക്കോട് എന്നീ ജില്ലകളിലെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി ചൊവ്വാഴ്ച വാക്‌സിനേഷന്‍ നടത്താനാകാത്ത സ്ഥിതിയാണുള്ളത്. ഈ ജില്ലകളില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി സ്വകാര്യ ആശുപത്രികളില്‍ മാത്രമേ സ്ലോട്ട് നേടാനാകൂ.
എറണാകുളം ജില്ലയിലും പത്തനംതിട്ട ജില്ലയിലും കൊവാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് നിലവിലുള്ളത്.
ശനിയാഴ്ച(ജൂലൈ – 24) ന് 1522 വാക്‌സിന്‍ കേന്ദ്രങ്ങളിലായി 453339 പേര്‍ക്ക് വാക്‌സിന്‍ നല്‍കി സംസ്ഥാനം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. അവശേഷിച്ച രണ്ട് ലക്ഷത്തിലധികം സ്‌റ്റോക്ക് തിങ്കളാഴ്ച(ജൂലൈ 26) യും വിതരണം ചെയ്തിരുന്നു. സംസ്ഥാനത്തെ പലജില്ലകളിലും വാക്സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
‘പല ജില്ലകളിലും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് പൂജ്യമാണ്. പത്തനംതിട്ടയില്‍ കൊവാക്‌സിന്‍റെ 1000 ത്തോളം ഡോസ് ബാക്കിയുണ്ട് സ്റ്റോക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഉടന്‍ പുറത്തുവിടുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
