റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അത് ഒരു പെൺസിംഹമായിരുന്നു; 28000 വർഷങ്ങൾക്കു മുൻപ് മരണമടഞ്ഞ സിംഹക്കുട്ടിയുടെ ലിംഗനിർണയം നടത്തി ഗവേഷകർ

August 7, 2021 - 4:53 pm

സ്റ്റോക്ഹോം: മഞ്ഞിലുറഞ്ഞു പോയ അത് ഒരു പെൺസിംഹമായിരുന്നൂവെന്ന് ഗവേഷകർ ഒടുവിൽ തിരിച്ചറിഞ്ഞു. ജനിച്ച് 2 മാസം കഴിഞ്ഞപ്പോൾ മരണപ്പെട്ട 28,000 വർഷം പഴക്കമുള്ള പെൺസിംഹക്കുഞ്ഞിന്റെ മരവിച്ച ശരീരത്തിന് ഗവേഷകർ ‘സ്പാർട്ട’ എന്ന പേരും നൽകി.

2017 നും 2018 നും ഇടയിലാണ് കിഴക്കൻ സൈബീരിയയിലെ ഒരു ഗുഹയ്ക്കുള്ളിൽ നിന്നും മരവിച്ച നിലയിൽ രണ്ട് സിംഹക്കുഞ്ഞുങ്ങളുടെ ശരീരങ്ങൾ കണ്ടെത്തിയത്. ഇതിലൊന്ന് ഏറെക്കുറേ ദ്രവിച്ച നിലയിലായിരുന്നു. എന്നാൽ ഒന്ന് അദ്ഭുതകരമാം വണ്ണം സംരക്ഷിക്കപ്പെട്ടതായിരുന്നു. ദ്രവിച്ച നിലയിലുള്ളത് ആൺ സിംഹക്കുട്ടിയാണെന്നും വലിയ കേടുപാടില്ലാതെ ബാക്കിയായത് പെൺസിംഹക്കുട്ടിയാണെന്നുമാണ് ഗവേഷകർ ഇപ്പോൾ തിരിച്ചറിഞ്ഞത്. സഹോദരങ്ങളാകാം എന്നാണ് ആദ്യം കരുതിയതെങ്കിലും ആണിന് പെണ്ണിനെക്കാളും 15,000 വർഷത്തോളം പഴക്കമുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആൺ സിംഹക്കുട്ടിക്ക് ‘ബോറിസ് ‘ എന്നാണ് പേരു നൽകിയത്.

ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഹിമയുഗത്തിലെ മൃഗങ്ങളിൽ ഒന്നാണ് സ്പാർട്ടയെന്ന് ഗവേഷകർ പറയുന്നു.

സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ സെന്റർ ഫോർ പാലിയോജെനെറ്റിക്‌സിലെ ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. ജാപ്പനീസ്, റഷ്യൻ ഗവേഷകർ നടത്തിയ സ്കാനിംഗുകളിൽ രണ്ട് കുഞ്ഞുങ്ങളും ഏതോ ഇരപിടിയനാലാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിരുന്നു.

സൈബീരിയയിലെ പെർമാഫ്രോസ്റ്റിൽ നിന്നും ഇതിനു മുൻപും പതിനായിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള ജീവികളുടെ ശരീരങ്ങൾ കിട്ടിയിട്ടുണ്ട്. 14,000 വർഷം പഴക്കമുള്ള നായ്ക്കുട്ടി, 39,000 വർഷം പഴക്കമുള്ള ഗുഹക്കരടി എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.

“ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഹിമയുഗത്തിലെ മൃഗമാണ് സ്പാർട്ട. മീശകൾ പോലും അവൾ സൂക്ഷിച്ചിരുന്നു. ബോറിസ് കുറച്ചുകൂടി തകരാറിലായിരുന്നു, പക്ഷേ ഇപ്പോഴും നല്ലതാണ്,” പാലിയോജെനെറ്റിക്സ് സെന്ററിലെ പരിണാമ ജനിതകശാസ്ത്ര പ്രൊഫസറും പഠനത്തിന്റെ രചയിതാവുമായ ലവ് ഡാലൻ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *