ന്യൂഡല്‍ഹി: കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനാ സമിതിയുടെ (ഐ.പി.സി.സി) ആറാം അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയില്‍ കാലാവസ്ഥാവ്യതിയാനം മൂലം ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഉഷ്ണതരംഗവും ചുഴലിക്കൊടുങ്കാറ്റുകളും വര്‍ധിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റു മേഖലകളേക്കാള്‍ വേഗത്തിലാണു ചൂടുകൂടുന്നത്. ഇതു മണ്‍സൂണ്‍ മഴയുടെ താളംതെറ്റിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആഗോള കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കാജനകമായ വിവരങ്ങളാണു റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യ ഉള്‍പ്പെടെ 195 അംഗരാഷ്ട്രങ്ങളാണു സമിതിയിലുള്ളത്.ആയിരക്കണക്കിനു വര്‍ഷത്തേക്കു മാറ്റമുണ്ടാകാത്തവിധം സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നതാണു റിപ്പോര്‍ട്ടിലെ ഏറ്റവും ഭീതിജനകമായ മുന്നറിയിപ്പ്. കാര്‍ബണ്‍ ഡയോക്െസെഡിന്റെയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെയും പുറന്തള്ളല്‍ തടഞ്ഞാല്‍ കാലാവസ്ഥാമാറ്റം ഇനിയും പിടിച്ചുനിര്‍ത്താനാകുമെങ്കിലും അതിനു രാഷ്ട്രങ്ങള്‍ സന്നദ്ധമാകണമെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈവര്‍ഷം ഗാസ്ഗോയിലും യു.കെയിലും ചേരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ രാജ്യങ്ങള്‍ അതിനു സന്നദ്ധമായാല്‍പ്പോലും അന്തരീക്ഷതാപനിലയില്‍ സ്ഥിരതയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 2030 എങ്കിലുമാകും. എന്നാല്‍, വായുശുദ്ധത ഉടന്‍ അനുഭവിച്ചറിയാനാകും. കാലാവസ്ഥാശാസ്ത്രം സംബന്ധിച്ച് ഐ.പി.സി.സി. ഇതുവരെ നടത്തിയതില്‍ ഏറ്റവും വിശദമായ റിപ്പോര്‍ട്ടിനെ ”മാനവരാശിക്കുള്ള ചുവപ്പുസംജ്ഞ”യെന്നു യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ചു.
