കുറുപ്പംപടി : തുടർച്ചയായ കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് വേങ്ങൂർ പഞ്ചായത്തിലെ വനമേഖലയിലെ കുടുംബങ്ങൾ. കഴിഞ്ഞ ദിവസം പാണിയേലി വീട്ടിമുകൾ തൊണ്ടുമാലി ശിവന്റെ വീട്ടുമുറ്റത്തെത്തിയ ആനക്കൂട്ടം കൃഷി നശിപ്പിച്ചു.
ആനകൾ നടന്നു പോകുന്ന ശബ്ദം കേട്ടാണു ശിവനും ഭാര്യയും രാത്രി 12 ന് ഉണർന്നത്. വാതിൽ തുറന്നപ്പോൾ ആനക്കൂട്ടം മുറ്റത്തുകൂടി നടന്നുപോകുന്നു. ഭയന്നുപോയ ഇവർ അനങ്ങാതെ നിന്നു. മുറ്റം കടന്നപ്പോൾ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമൊക്കെയാണ് ആനകളെ തുരത്തിയത്. ഭീതിയോടെയാണു കുടുംബം രാത്രി കഴിഞ്ഞത്.
വാഴകളും കടപ്ലാവും നശിപ്പിച്ചു. ആനയുടെ കാൽപാടുകൾ മുറ്റത്തുകാണാം. ആന പതുക്കെയൊന്നു ചവിട്ടിയാൽ നിലംപൊത്താവുന്ന വിധം ജീർണാവസ്ഥയിലാണ് ശിവന്റെ വീട്. ഒരാഴ്ച മുൻപ് എത്തിയ ആനക്കൂട്ടം റബർ തൈകൾ നശിപ്പിച്ചിരുന്നു. 25 കുടുംബങ്ങൾ ഈ പ്രദേശത്തു താമസിക്കുന്നുണ്ടായിരുന്നു. ആനശല്യം മൂലം പലരും വാടക വീടുകളിലേയ്ക്കു മാറി. അതിന് നിവൃത്തിയില്ലാത്തവർ ആനപ്പേടിയോടെ സ്വന്തം സ്ഥലത്തു കഴിഞ്ഞു കൂടുകയാണ്. 3 വർഷം മുമ്പ് ഈ ഭാഗത്തു കാട്ടാന ഒരാളെ ആക്രമിച്ചു കൊന്നിരുന്നു.
സൗരോർജ വേലി നിർമ്മിച്ചെങ്കിലും അവയെല്ലാം ആനകൾ നശിപ്പിച്ചു. പെരിയാറിന്റെ മറുകരയിലെ വനത്തിൽ നിന്നാണു പാണംകുഴി മേഖലയിലേക്ക് ആനകൾ വരുന്നത്. പാണംകുഴി മുതൽ കോടനാട് വരെ വ്യാപിച്ചു കിടക്കുന്ന തേക്കുതോട്ടത്തിലും കാട്ടാനയെത്തിയതോടെ ജനങ്ങൾ ആശങ്കയിലാണ്. കാട്ടാനകൾക്കു ജലലഭ്യത ഉറപ്പാക്കാൻ ചെറുതോടുകളിൽ തടയണകൾ നിർമിക്കണമെന്നും വനത്തിൽ തീറ്റ കിട്ടിയാൽ ആനകൾ നാട്ടിലേക്കിറങ്ങുന്നതു കുറയുമെന്ന് നാട്ടുകാർ പറയുന്നു.
