ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും കേരളം സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അയല്‍സംസ്ഥാനങ്ങളാണ് ഇതിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിമര്‍ശനം.കേരളത്തില്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 14-19 ശതമാനമായി തുടരുകയാണ്. രോഗവ്യാപനത്തിനു സാധ്യതയുള്ളതിനാല്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ക്കു കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നടത്തിയ ചര്‍ച്ചയിലാണു നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ 85 ശതമാനം കോവിഡ് രോഗികളും വീടുകളിലാണു കഴിയുന്നത്. അവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു പ്രധാന പ്രശ്നമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കാര്യക്ഷമവും തന്ത്രപരവുമായ ലോക്ക്ഡൗണാണു വേണ്ടത്. ജില്ലാതലത്തിലുള്ള നിയന്ത്രണങ്ങള്‍ പോരാ. ഓരോ രോഗിയുടെയും അയല്‍പക്കങ്ങളിലെത്തുന്ന നിരീക്ഷണവും പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളുമുണ്ടാകണം.മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കു പ്രാധാന്യം നല്‍കണം. വിനോദസഞ്ചാരകേന്ദ്രം കൂടിയാണെന്നതു കണക്കിലെടുത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
