ന്യുയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസ് അന്തരിച്ചു. 06/09/21 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോർക്കിലെ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 54 വയസ്സായിരുന്നു. മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
അപാർട്ട്മെന്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അക്രമം നടന്നതിന്റെയോ പിടിവലി നടന്നതിന്‍റെയോ ലക്ഷണങ്ങൾ ഇല്ലെന്നും പൊലീസ് അറിയിച്ചു. അപാർട്ട്മെന്റിന്റെ സ്വീകരണമുറിയിൽ അദ്ദേഹത്തിന്റെ അനന്തരവനാണ് വില്യംസിനെ മരിച്ച നിലയിൽ കണ്ടത്.
ദി വയർ, ബ്രോഡ്‍വാക്ക് എംപയർ, ബോഡി ബ്രോക്കേഴ്സ് തുടങ്ങി നിരവധി സിനിമാ, സീരീസുകളിൽ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദി വയറിലെ ഒമർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 2021ലെ എമ്മി അവാർഡിലേക്ക് നോമിനേഷൻ ലഭിച്ചിരിക്കെയാണ് താരത്തിന്‍റെ അന്ത്യം.
