ന്യൂഡല്‍ഹി: കാണാതായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ത്രിലോചന്‍ സിങ് വസീറിനെ (67) ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ഡല്‍ഹിയിലെ മോട്ടിനഗര്‍ ഫല്‍റ്റിന്റെ മൂന്നാം നിലയിലാണു അഴുകിയനിലയിലുള്ള മൃതദേഹം കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറി.ജമ്മു കശ്മീരിലെ മുന്‍ എം.എല്‍.എ കൂടിയായ വസീറിനെ സെപ്റ്റംബര്‍ മൂന്നു മുതലാണ് കാണാതായത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പുറത്തു നിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ വാതില്‍ കുത്തിത്തുറന്നാണ് ഇവര്‍ അകത്തു കടന്നത്. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് വസീറിനെ തിരിച്ചറിഞ്ഞത്.
