ചണ്ഡീഗഡ്: കര്‍ണാലില്‍ കര്‍ഷക പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ എസ്.ഡി.എം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാന്‍ നിര്‍ദേശം നല്‍കും. കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ടു പേര്‍ക്ക് ജോലി നല്‍കും. പൊലീസ് നടപടിയിൽ പരിക്കേറ്റ കർഷകർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കും. ഒരു മാസത്തിനകം ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കുമെന്ന് ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദർ സിങ് പറഞ്ഞു.
അതേസമയം കർണാലിലെ മിനി സെക്രട്ടറിയേറ്റ് സമരം കർഷകർ അവസാനിപ്പിച്ചു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. ആഗസ്ത് 28നാണ് കർണാലിലെ കർഷക പ്രതിഷേധത്തിൽ പൊലീസുമായുണ്ടായ സംഘർഷത്തിൽ നിരവധി കർഷകർക്ക് പരിക്കേറ്റത്. സംഘർഷത്തെ നേരിടാൻ പൊലീസ് ലാത്തി വീശിയതിനെ തുടർന്നാണ് സംഭവം.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കർഷകരുടെ പ്രതിഷേധം. കർഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
