റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലവിലെ സാഹചര്യത്തിൽ സ്‌കൂൾ തുറക്കുന്നത് സുരക്ഷിതമായിരിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് ഡോക്ടറുടെ കുറിപ്പ്

September 11, 2021 - 8:15 am

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സ്‌കൂൾ തുറക്കുന്നത് സുരക്ഷിതമായിരിക്കുമോയെന്ന ആശങ്ക പങ്കുവച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ.പ്രൊഫസർ ഡോ. ടിഎസ് അനീഷ്. കൊവിഡ് 19 മഹാമാരിയുടെ ഭീഷണയിൽ നിന്ന് നാം ഇപ്പോഴും മുക്തരായിട്ടില്ല. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുകയും വാക്‌സിനേഷൻ മന്ദഗതിയിൽ മാത്രം മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ വേണം നാം തുടരാനെന്ന് ഡോക്ടർ ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് ഇതുവരെയും വാക്‌സിനേഷൻ ലഭ്യമായിട്ടില്ലെന്നത് ഈ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

ഇതിനിടെ കേരളത്തിൽ സ്‌കൂൾ തുറക്കാൻ സാധ്യതയെന്ന വാർത്തകളും സജീവമാകുന്നുണ്ട്. ഇക്കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രിയും അറിയിച്ചിരുന്നു. നിലവിൽ സ്‌കൂൾ തുറന്നാൽ കുട്ടികളിലെ കൊവിഡ് നിരക്ക് വർധിക്കുമെന്നും ഇത് മുതിർന്നവർക്കിടയിലെ കൊവിഡ് വ്യാപനവും വർധിപ്പിക്കുമെന്നുമാണ് ഡോ.ടിഎസ് അനീഷ് അഭിപ്രായപ്പെടുന്നത്. ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിക്കുന്നത്.

അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ തുടരുന്നു. സ്‌കൂൾ തുറക്കുന്നതിനെപ്പറ്റി ചിന്തിച്ച് തുടങ്ങണം എന്നതിന് തർക്കമില്ല …. പക്ഷേ ….കേരളത്തിൽ സിറോ പ്രിവലൻസ് കുറവാണ്. ഉള്ളതിന്‍റെ തന്നെ നല്ലൊരു ശതമാനം വാക്‌സിൻ കാരണം ഉണ്ടായതാകാനാണ് സാധ്യത. അണുബാധ വ്യാപകമായ ഇടങ്ങളിൽ അറിഞ്ഞോ അറിയാതെയോ കുട്ടികളിലും വൈറസ് ബാധയെത്തും. അവരിലും സിറോ പ്രിവലൻസ് കൂടുതലായിരിക്കും. ഇന്ത്യയിൽ പൊതുവേ കുട്ടികളിൽ അൻപത് ശതമാനത്തോളം സീറോ പ്രിവലൻസ് ഉണ്ടെന്ന് ഐസിഎംആർ സർവ്വേ കാണിക്കുന്നു. അണുബാധ കുറവും വാക്‌സിനേഷൻ കൂടുതലും നടന്ന കേരളത്തിൽ മുതിർന്നവരും കുട്ടികളും തമ്മിൽ സീറോ പ്രിവലൻസിലുള്ള അന്തരം കൂടുതലായിരിക്കും, 25% എത്തിയാൽ ഭാഗ്യം. കാരണം അമ്മക്ക് വരുന്ന അണുബാധ കുട്ടിക്കും കിട്ടുമെങ്കിലും അമ്മ എടുത്ത വാക്‌സിൻ കുട്ടിയിൽ സീറോ കൺവേർഷൻ ഉണ്ടാക്കില്ല. അത് കൊണ്ട് തന്നെ സ്‌കൂൾ തുറക്കുമ്പോൾ നമ്മുടെ കുട്ടികളിൽ ഉണ്ടാകുന്ന അണുബാധയുടെ നിരക്ക് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്നതിനേക്കാൾ കൂടുതലായിരിക്കും. ചിലപ്പോൾ പതിന്മടങ്ങ് ആയേക്കാം.

MIS-C പോലെയുള്ള സങ്കീർണ്ണതകളുടെ നിരക്കും കൂടുതലായിരിക്കും. കുട്ടികളിൽ തുടങ്ങുന്ന അണുബാധ, മറ്റ് സംസ്ഥാനങ്ങളുടെ ഇരട്ടി വൃദ്ധരുള്ള, വളരെ കൂടുതൽ കോമോർബിഡിറ്റിയുള്ള പൊതു സമൂഹത്തിലേക്കാണ് വ്യാപിക്കാൻ പോകുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ സ്‌കൂളുകളിൽ രൂപപ്പെടുന്ന ക്ലസ്റ്ററുകൾ ഡെൽറ്റയുടേതായിരിക്കും. ഡെൽറ്റക്കെതിരെ ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിച്ചു കഴിഞ്ഞ ഉത്തരേന്ത്യൻ സമൂഹത്തിൽ ഒരു പക്ഷേ സ്‌കൂളിൽ തുടങ്ങുന്ന അണുബാധ പൊതു സമൂഹത്തിൽ പടരാനുള്ള സാധ്യത കമ്മിയായിരിക്കും. എന്നാൽ വാക്‌സിൻ ഉപയോഗിച്ച് ഡെൽറ്റയെ പ്രതിരോധിക്കുന്ന നമ്മുടെ നാട്ടിൽ വലിയ അളവിലുള്ള ബ്രേക്ക് ത്രൂവും അല്ലാതെയുമുള്ള രോഗാണുബാധകൾക്ക് സ്‌കൂൾ തുറക്കൽ കാരണമാകാം. ഇനിയും വാക്‌സിൻ എടുക്കാത്ത ആളുകളെ ഇത് ഗുരുതരമായി ബാധിച്ചേക്കാം.

അതിനാൽ സ്‌കൂളുകൾ സമയമെടുത്ത് ആലോചിച്ച് മാത്രമേ തുറക്കാവൂ എന്ന അഭിപ്രായം പങ്കുവയ്ക്കട്ടെ . പൊതു സമൂഹത്തിൽ അണുബാധ കുറഞ്ഞതിന് ശേഷം, ടീച്ചർമാരെയും രക്ഷിതാക്കളെയും മറ്റ് മുതിർന്നവരെയും കഴിയുന്നത്ര ആളുകളെ വാക്‌സിൻ ഉപയോഗിച്ച് സംരക്ഷിച്ചതിന് ശേഷം മാത്രം…

കുട്ടികളിലുള്ള വാക്‌സിൻ ലഭ്യമായതിന് ശേഷം സ്‌കൂൾ തുറന്നാൽ മതി എന്ന് അഭിപ്രായം ഇല്ലെങ്കിലും സുരക്ഷിതമായ വാക്‌സിൻ ലഭ്യമാകുന്ന മുറക്ക് മുതിർന്ന കുട്ടികൾക്കെങ്കിലും അത് നൽകണം എന്ന അഭിപ്രായവും കൂടി രേഖപ്പെടുത്തുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഒരു കുട്ടിക്ക് MIS-C ഉണ്ടാകാനുള്ള സാധ്യതയെക്കാൾ കുറഞ്ഞ മറ്റ് സാധ്യതകൾ പ്രതിരോധിക്കുന്നതിനായി ഇപ്പോൾത്തന്നെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നുണ്ട്. മാത്രമല്ല ഡെൽറ്റയുടെ സാഹചര്യത്തിൽ, കുട്ടികൾ കൂടി സംരക്ഷിതരായാൽ മാത്രമേ സമൂഹത്തിലെ രോഗാണുബാധ ഒരളവിലും കുറക്കാൻ കഴിയുകയുള്ളൂ.

കേരള ജനസംഖ്യയുടെ 25 % പതിനെട്ട് വയസിൽ താഴെയുള്ളവരാണ്. സുരക്ഷിതമായ വാക്‌സിൻ എന്ന് എടുത്ത് പറയട്ടെ. ദീർഘകാല ഗവേഷണം അതും സുരക്ഷ മുൻ നിർത്തിയുള്ളത്, അല്ലാതെ എമർജൻസി അപ്രൂവൽ ആയിരിക്കരുത് കുട്ടികളുടെ വാക്‌സിൻ ഏത് എന്ന് തീരുമാനിക്കുന്നതിന് അവലംബം.ഇതെല്ലാം മുൻ നിർത്തി ഒരു പഠനം നടത്തുന്നത് നന്നാവും…

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *