മലയാള ഭാഷ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാവുന്നു. ‘തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജിൻലാൽ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖരായ ഇരുപതോളം പേരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
പൂർണമായും സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഒരുക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. എഴുത്തച്ഛന്റെ ജീവിതകാലം കൂടുതലും ഗാനങ്ങളിലൂടെയാണ് വർണിക്കുന്നത്. കുറച്ചു നാളുകൾക്കു ശേഷമാണ് മലയാളത്തിൽ സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരു ചിത്രം ഒരുങ്ങുന്നത്. അഞ്ചു ഗാനങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത വർഷം ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
ഇതിലെ അഭിനേതാക്കളെയും മറ്റു അണിയറ പ്രവർത്തകരെയും കുറിച്ച് പിന്നീട് അറിയിക്കുമെന്ന് സംവിധായകൻ സജിൻലാൽ അറിയിച്ചു. ക്രയോൺസ്, താങ്ക് യു വെരിമച്ച്, ഹന്ന തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമാണ് സജിൻലാൽ പുതിയ സിനിമയുമായി എത്തുന്നത്. ആപ്പിൾ ട്രീ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
എഴുത്തച്ഛൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിനൊപ്പം അതീജീവത്തിന്റെ പെൺകരുത്തായ ഫുലാൻദേവിയുടെ കഥയും സജിൻലാലിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ക്രയോൺസ് എന്ന തന്റെ ആദ്യ ചിത്രം തന്നെ ദേശീയ അവാർഡിന്റെ പരിഗണനയിലേക്കെത്തിക്കൻ സജിൻലാലിനായി. തമിഴ് സിനിമയടക്കം അഞ്ചു ചിത്രങ്ങൾ ഇതിനോടകം സജിൻലാൽ സംവിധാനം ചെയ്തു. നടനായും സംവിധായകനായും മലയാള ചലച്ചിത്ര -നാടക -ടെലിവിഷൻ രംഗത്ത് വർഷങ്ങളായി സജീവമാണ് സജിൻലാൽ.
സജിൻലാൽ നേരത്തെ ചെയ്ത് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ പ്രമേയമാണ് ഈ സിനിമയും. മാത്രമല്ല എഴുത്തച്ഛന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിടപോലും വിട്ടുപോകാതെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം.
